നാളെ ചാന്ദ്രദിനം ശിവാനന്ദിൻ്റെ വീട് വിദ്യാലയമായിചാന്ദ്ര പക്ഷാചരണത്തിന് വേറിട്ട തുടക്കം
കാഞ്ഞങ്ങാട് : ചാന്ദ്രയാത്രയുടെ അമ്പത്തിരണ്ടാം വാർഷികത്തിൽ വേറിട്ട പരിപാടികളൊരുക്കി മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ .ശാസ്ത്ര രംഗത്തിന്റെ നേതൃത്വത്തിലാണ് ‘അമ്പിളി മാമന്റെ വീടാണ് എന്റെ വിദ്യാലയം ‘ എന്ന പേരിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചത്.
വിദ്യാലയത്തിലെ ആറാം തരം വിദ്യാർഥിയായ പി.ശിവനന്ദൻ വരച്ച ബഹുവർണ ബഹിരാകാശ പോസ്റ്ററുകൾ പ്രകാശനം ചെയ്തു കൊണ്ട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ടി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആവിയിലെ കണ്ടം കടവ് അറയിൽ ഭഗവതി ക്ഷേ ത്രത്തിന് സമീപമുള്ള ശിവനന്ദിന്റെ ഒറ്റമുറി വീട്ടിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിൽ നഗരസഭ കൗൺസിലർ എം.വി. റസിയ ഗഫൂർ മുഖ്യാതിഥിയായി. പ്രധാനാധ്യാപകൻ ഡോ. കൊടക്കാട് നാരായണൻ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഹമൂദ് മുറിയനാവി , മുൻ നഗരസഭാ കൗൺസിലർ സന്തോഷ് കുശാൽ നഗർ , പിടി എ പ്രസിഡണ്ട് എച്ച്.എൻ.പ്രകാശൻ, സ്കൂൾ ശാസ്ത്ര രംഗം കൺവീനർ വിനോദ് കുമാർ കല്ലത്ത് , പി.കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു. ലോക മയക്കുമരുന്നു ദിനത്തിലും ലോക ജനസംഖ്യാദിനത്തിലും മികച്ച ചിത്രങ്ങൾ വരച്ച് പ്രശംസകൾ പിടിച്ചു പറ്റിയ ശിവനന്ദനെ അനുമോദിക്കുന്നതിനു വേണ്ടി കൂടിയാണ് ചടങ്ങിന്റെ ഉദ്ഘാടനം വീട്ടിൽ തന്നെ ഒരുക്കിയത്. വിദ്യാലയത്തിലെ അഞ്ഞൂറ് വീടുകളിലും ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ആഗസ്ത് 2 വരെ നടക്കുന്ന പക്ഷാചരണത്തിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.