മന്ത്രിക്കു തല്‍സ്ഥാനത്തു തുടരാന്‍ അവകാശമില്ല; ശശീന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും
വനിതാ കമ്മീഷനും പരാതി
തിരുവനന്തപുരം: പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രനെതിരെ ഗവര്‍ണര്‍ക്കും വനിതാ കമ്മീഷനും പരാതി നല്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്. നായര്‍. ഒരു മന്ത്രി തന്നെ സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത് കേട്ട് കേള്വിയില്ലാത്തതും ഇന്ത്യന്‍ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങള്‍ക്കും എതിരാണ്. ധാര്‍മികമായും നിയമപരമായും ഈ മന്ത്രിക്കു തല്‍സ്ഥാനത്തു തുടരാന്‍ അവകാശമില്ല. സ്ത്രീക്കെതിരായ കുറ്റകൃത്യം മന്ത്രി മനപ്പൂര്‍വ്വം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.ശശീന്ദ്രനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും സംസ്ഥാനത്തെ സ്ത്രീകളുടെ ആകെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ മന്ത്രിയെ പുറത്താക്കാന്‍ മുന്‍കൈ എടുക്കണമെന്നും ?ഗവര്‍ണര്‍ക്ക് നല്കിയ കത്തില്‍ വീണ ആവശ്യപ്പെടുന്നു. മന്ത്രിക്കെതിരെയും നിയമപരമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യണമെന്ന് വനിതാ കമ്മീഷന് നല്കിയ പരാതിയിലും ആവശ്യപ്പെടുന്നുണ്ട്.ഹോട്ടലിലേക്ക് വിളിച്ചു വരുത്തി എന്‍.സി.പി നേതാവ് പത്മാകരന് കൈയില്‍ കടന്നു പിടിച്ചെന്ന യുവതിയുടെ പരാതി ജൂണ്‍ മാസത്തില്‍ പൊലീസിന് ലഭിച്ചെങ്കിലും സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വനിതാ കമ്മീഷനില്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. യുവതിയുടെ പേരില്‍ വ്യാജ ഐഡിയുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ മോശം പ്രചാരണം നടത്തിയതും പരാതിയില്‍ പറയുന്നു. അതേസമയം, യൂത്ത് ലീഗ് പ്രവര്ത്തകന് അഡ്വ. സജാല്‍ മന്ത്രി ശശീന്ദ്രനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.