കടുവ ഭീതി: വനപാലകർക്ക് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ
അലനല്ലൂർ: കടുവ ഭീതി നിലനിൽക്കുന്ന ഉപ്പുകുളത്ത് വനപാലകർക്ക് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ. കഴിഞ്ഞ ദിവസം പുലിയെ കണ്ടതായി പറയുന്ന പൊൻപാറയിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ എത്തിയ വനപാലകർക്ക് മുന്നിലാണ് നാട്ടുകാർ പ്രതിഷേധവുമായി തടിച്ചുകൂടിയത്.
ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ചത് കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടും പിടികൂടാനുള്ള നടപടികൾ സ്വീകരിക്കാത്തതിൽ രോഷം പൂണ്ടാണ് വനപാലകരെ തടഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം പലയിടങ്ങളിലായി കടുവയെയും പുലിയെയും കാണാനിടയായിട്ടും വനംവകുപ്പ് അനാസ്ഥ വെടിയുന്നില്ലെന്നും മനുഷ്യജീവന് വില കൽപ്പിക്കുന്നില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. ചൊവ്വാഴ്ച നാട്ടുകൽ സി.ഐയുടെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന ഉറപ്പിലാണ് നാട്ടുകാർ രണ്ടു മണിക്കൂർ നീണ്ട പ്രതിഷേധമവസാനിപ്പിച്ചത്. പാലക്കയം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി. സുമേഷിെൻറ നേതൃത്വത്തിൽ എട്ടും പൊൻപാറ ഫോറസ്റ്റ് ഔട്ട് പോസ്റ്റിലെ നാലും വനപാലകരാണ് സ്ഥലത്തെത്തിയത്.