കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേർക്ക് പരിക്ക്
കല്ലമ്പലം: ദേശീയ പാതയിൽ നാവായിക്കുളം ഇരുപത്തെട്ടാം മൈലിനു സമീപം കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംതെറ്റി താഴ്ചയിലേക്ക് മറിഞ്ഞ് എട്ടോളം പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച രാവിലെ ആറു മണിയോടെ മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് എതിർദിശയിൽ സൈഡ് മാറി വന്ന ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനായി വലത്തേക്ക് തിരിക്കവേ നിയന്ത്രണംതെറ്റി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
13 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കൊല്ലം സ്വദേശിയായ രാംദാസി (54) നാണ് ഗുരുതര പരിക്കേറ്റത്. ബൈക്ക് യാത്രികനായ കൊല്ലം ഉളിയനാട് കാരംകോട് പൊയ്കയിൽ വീട്ടിൽ വിനീതിനും (25) പരിക്കേറ്റു. കഴിഞ്ഞ രണ്ടു മാസത്തിനിടെ നാല് കെ.എസ്.ആർ.ടി.സി ബസുകളാണ് മേഖലയിൽ മറിഞ്ഞത്.