ഇളവുകളുടെ ഭാഗമായി കേരളത്തില്‍ കോവിഡ് വ്യാപിച്ചാല്‍ നടപടിയുണ്ടാകുമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ബക്രീദിനോടനുബന്ധിച്ച് നല്കിയ ഇളവുകള്‍ റദ്ദാക്കാന്‍ സുപ്രീംകോടതി തയ്യാറായില്ലെങ്കിലും സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.
വൈകിയ വേളയില്‍ ലഭിച്ച ഹര്‍ജി ആയതുകൊണ്ടാണ് ഇളവുകള്‍ റദ്ദാക്കാത്തതെന്ന് പറഞ്ഞ കോടതി സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായാല്‍ ആര്‍ക്കും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
‘ഈ നയങ്ങളുടെ ഭാഗമായി കോവിഡ് രോഗത്തിന്റെ ഏതെങ്കിലും അസ്വാഭാവിക വ്യാപനം നടന്നാല്‍, ഏതൊരാള്‍ക്കും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താം. അതിന് ശേഷം കോടതി ഉചിതമായ നടപടി കൈക്കൊള്ളാം’ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്ക് വഴങ്ങി കൊടുക്കുന്നതിലൂടെ രാജ്യവ്യാപകമായി കോവിഡ് വ്യാപനത്തിന് വിധേയമാകുന്ന മോശമായമായ അവസ്ഥയാണ് വെളിപ്പെടുന്നതെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
കാറ്റഗറി ഡിയില്‍ നല്‍കിയിട്ടുള്ള ഒരു ദിവസത്തെ ഇളവ് പൂര്‍ണ്ണമായും അനാവശ്യമായിട്ടുള്ളതാണ്. കാവടിയാത്രയുമായി ബന്ധപ്പെട്ട് യുപി കേസില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനും കേരളത്തോട് കോടതി നിര്‍ദേശിച്ചു. ഇന്ത്യയിലെ എല്ലാ പൗരന്മാരുടേയും മൗലിക അവകാശത്തെ തടസ്സപ്പെടുത്താന്‍ മതപരമോ അല്ലാതെയോ ഉള്ള സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.