ഭീഷണിയും വിരട്ടലും തന്റടുത്ത് വേണ്ട, പണിയാന്‍ തീരുമാനിച്ചിടത്തുതന്നെ മേയേഴ്സ് ഭവന് പണിയുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്
തിരുവനന്തപുരം: സ്പില്‍ ഓവറായി ഉള്‍പ്പെടുത്തുന്ന പദ്ധതികള്‍ക്ക് തുക കണ്ടെത്തുന്നതിന് പ്രധാന പദ്ധതികള്‍ ഉപേക്ഷിച്ചതിനെ ചോല്ലി കൗണ്‍സിലില്‍ വന്‍ ബഹളം. കൗണ്‍സിലില്‍ ചര്‍ച്ച നടത്താതെ പദ്ധതികള്‍ ഉപേക്ഷിക്കുകയും ഭേദഗതി വരുത്തുകയും ചെയ്തതിനായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
കോണ്ട്രാക്ടര് വര്‍ക്ക് ഏറ്റെടുക്കുന്നില്ലെന്ന കാരണം പറഞ്ഞ് വെട്ടുകാട് വാര്‍ഡിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി ഉപേക്ഷിച്ചിരുന്നു. കല്ലടിമുഖത്ത് ലൈഫ് പദ്ധതി പ്രകാരം ഫ്ളാറ്റ് നിര്‍മിക്കാനുള്ള പദ്ധതിയും വേണ്ടെന്ന് വെച്ചു. മാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്ന വിളപ്പില്‍ശാലയിലെ സമഗ്ര പുരയിടകൃഷി (15 ലക്ഷം), ഡെയറി യൂണിറ്റ് (60 ലക്ഷം) എന്നിവ ഒഴിവാക്കി. കൊവിഡ് കാരണം ടെന്‍ഡര്‍ നടപടികള്‍ നടക്കാത്തതിനാല്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചര്‍ നല്കുന്ന പദ്ധതിയും സര്‍ക്കാര്‍ സ്കൂളുകള്‍ക്കും തീരദേശ മേഖലയിലെ എയ്ഡഡ് സ്കൂളുകള്‍ക്കും സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്യാനുള്ള പദ്ധതിയും ഇപ്പോള്‍ മതിയാക്കിയിട്ടുണ്ട്. .
10 ലക്ഷം വീതം വകയിരുത്തിയ അനന്തപുരി മൊബൈല്‍ ലാബ് സ്ഥാപിക്കലും വീടുകളില്‍ സബ്സിഡിയോടുകൂടി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കല്‍ പദ്ധതിയും വേണ്ടെന്നുവച്ചു. ഗുണഭോക്താക്കളെ ലഭിച്ചില്ലെന്ന കാരണത്താലാണ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കല്‍ പദ്ധതി ഒഴിവാക്കിയത്. ഏജന്‍സിയെ ലഭിക്കാത്തതിനാല്‍ മാലിന്യ സംസ്കരണ ഡിജിറ്റലൈസേഷനും സ്ഥലം ലഭിക്കാത്തതിനാല്‍ കോട്ടണ്‍ സാനിറ്ററി പാഡ് നിര്‍മാണ യൂണിറ്റും ഒഴിവാക്കി. പട്ടികജാതി വിഭാഗത്തിലെ പുരുഷന്മാര്ക്ക് സ്വയം തൊഴില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ടാക്സി കാര്‍, പിക് അപ് വാന്‍ എന്നിവ നല്കുന്ന പദ്ധതിയും ഒഴിവാക്കി. സെന്‍ട്രല്‍ സോണിലെ വിവിധ വാര്‍ഡുകളിലെ റോഡുകള്‍ ബിറ്റുമിന്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചുള്ള നവീകരണവും പൊതു ടോയ്ലെറ്റുകളുടെ നിര്‍മ്മാണവും ഉപേക്ഷിച്ചു. പദ്ധതികള്‍ പലതും ഉപേക്ഷിക്കപ്പെടുന്നത് ചില ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്ന ആരോപണവുമായി ഭരണപക്ഷ കൗണ്‍സിലറും രംഗത്തെത്തി.
കുന്നുകുഴി വാര്‍ഡിലെ ബാര്‍ട്ടണ്‍ഹില്ലില്‍ മേയേഴ്സ് ഭവനം പണിയാനുള്ള നീക്കത്തിനെതിരെ രൂക്ഷമായ വാക്ക് പോരുണ്ടായി. എത്ര കോടികള്‍ അനുവദിച്ചാലും പട്ടികജാതിക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് തന്റെ വാര്‍ഡില്‍ മേയേഴ്സ് ഭവനം പണിയാന്‍ അനുവദിക്കില്ലെന്നും ഇതൊരു താക്കീതായി മേയര്‍ എടുക്കണമെന്നും യു.ഡി.എഫ് കൗണ്‍സിലര്‍ മേരി പുഷ്പം തുറന്നടിച്ചു. ഭീഷണിയും വിരട്ടലും തന്റടുത്ത് വേണ്ടെന്നും പണിയാന്‍ തീരുമാനിച്ചിടത്തുതന്നെ മേയേഴ്സ് ഭവന് പണിയുമെന്നും മേയര്‍ ആര്യാ രാജേന്ദ്രനും പറഞ്ഞു.