സ്ത്രീധന മരണങ്ങളല്ല സ്ത്രീധന കൊലപാതകങ്ങളാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്…’ സ്ത്രീധനത്തിനെതിരെ ആഞ്ഞടിച്ച് നടന് ടൊവിനൊ തോമസ്. നവംബര്‍ 26ന് ഈ വര്‍ഷത്തെ സംസ്ഥാനതല സ്ത്രീധന വിരുദ്ധ ദിനാചരണം പാലക്കാട് നടക്കുകായണ്. ഇതിനോട് അനുബന്ധിച്ചായിരുന്നു ടൊവിനൊ ഫെയ്സ് ബുക്കില്‍ സ്ത്രീധനത്തെക്കുറിച്ച് പ്രതികരിച്ച് പോസ്റ്റിട്ടത്.
ഏതാനും വര്‍ഷം മുന്‍പുവരെ നമ്മുടെ പത്രമാധ്യമങ്ങളില്‍ സ്ഥിരമായി വന്നുകൊണ്ടിരുന്ന വാര്‍ത്തയാണ് സ്ത്രീധന പീഡനം, യുവതി മരിച്ചു എന്നത്. സ്റ്റൗ പൊട്ടിത്തെറിച്ചും മണ്ണെണ്ണയില്‍ കുതിര്‍ന്നും, ഒരു മുഴം കയറിന്റെയോ സാരിയുടെയോ തുമ്ബിലും ആയി എത്രയോ നിരപരാധികളായ സ്ത്രീകളുടെയാണ് ജീവന് ഹോമിക്കപ്പെട്ടത്? സ്ത്രീധനത്തിന്റെ പേരില്‍ മരണപ്പെട്ട സ്ത്രീകള്‍ എല്ലാവരും നിഷ്ടൂരമായി കൊല്ലപ്പെട്ടവരാണ്. സ്ത്രീധന മരണങ്ങളല്ല സ്ത്രീധനകൊലപാതകങ്ങളാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. ഇപ്പോള്‍ പത്രങ്ങളില്‍ അധികം വാര്‍ത്തകള്‍ ഒന്നും കാണാറില്ല. അതിനാല്‍തന്നെ സ്ത്രീധന സമ്ബ്രദായം കുറഞ്ഞു എന്ന് എല്ലാവരെയും പോലെ ഞാനും വിചാരിച്ചിരുന്നു, കുറഞ്ഞപക്ഷം സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ എങ്കിലും. സ്ത്രീധന നിരോധന അവബോധത്തിനായി ഒരു ദിനം തന്നെ വര്‍ഷങ്ങളായി ആചരിക്കപ്പെടുന്ന നാട്ടില്‍ സ്ത്രീധന സമ്ബ്രദായം കുറയേണ്ടതല്ലേ? കുറഞ്ഞപക്ഷം കൊലപാതകങ്ങള്‍ എങ്കിലും?
ഈ വര്‍ഷത്തെ സ്ത്രീധന നിരോധന ദിനാചരണത്തിന്റെ സംഘാടനത്തിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ അനുപമ ടി.വി ഐ.എ.എസ് സംസാരിച്ച സമയത്ത്, അവര്‍ പറഞ്ഞ കാര്യം ഏതൊരു മനുഷ്യന്റെയും ചങ്ക് പൊള്ളിക്കേണ്ടതും, മനസാക്ഷിയെ കുത്തിനോവിക്കേണ്ടതുമാണ്. പ്രബുദ്ധം, പുരോഗമന ചിന്താഗതിയുള്ളത് എന്നൊക്കെ മലയാളികള്‍ വലിയൊരു വിഭാഗം ഒട്ടൊരഹങ്കാരത്തോടെ വര്‍ണ്ണിക്കുന്ന ഈ നാട്ടില്‍ കഴിഞ്ഞ പത്ത് വര്ഷത്തിനുളില് ഇരുനൂറ്റിമൂന്ന് സ്ത്രീകള്‍, ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു . കഴിഞ്ഞ വര്‍ഷം മാത്രം പതിനാറ് നിരപരാധികളായ സ്ത്രീകള്‍ സ്ത്രീധന സമ്ബ്രദായത്തിന്റെ ഇരകളായി ക്രൂരമായി വധിക്കപ്പെട്ടു. ഈ വിവരങ്ങള്‍ കേരള പോലീസിന്റെ ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോ വെബ്സൈറ്റില്‍ ലഭ്യവുമാണ്. സ്ത്രീധനസംബന്ധിയായി ഉണ്ടാകുന്ന കൊലപാതകങ്ങള്‍ക്ക് ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കുന്ന നാട്ടിലാണ് ഇത്രമാത്രം കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്.
മാധ്യമങ്ങളില്‍ പ്രാദേശിക വാര്‍ത്താ പേജില്‍ ഒറ്റക്കോളം വാര്‍ത്തയ്ക്കപ്പുറം വാര്‍ത്താപ്രാധാന്യം നേടുകയോ നമ്മുടെ മുന്നിലേക്ക് വരികയോ ചെയ്യുന്നില്ല ഈ കൊലപാതകങ്ങള്‍ ഒന്നും. ദേശീയ ശരാശരി പ്രകാരം മണിക്കൂറീല്‍ ഒരു സ്ത്രീവീതം സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നുണ്ട്. അവരാരും വെറും സ്ഥിതിവിവരക്കണക്കുകള്‍ക്കപ്പുറം നമ്മുടെ ശ്രദ്ധയിലേക്ക് വരുന്നതുപോലും ഇല്ല.
ഈ വര്‍ഷം മുതല്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നമ്മുടെ നാട്ടില്‍ നിന്ന് സ്ത്രീധനസമ്ബ്രദായത്തെ ഇല്ലാതാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പ് പ്രതിജ്ഞാബദ്ധമായി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ്. സ്ത്രീധന സമ്ബ്രദായത്തെ സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്നുകാട്ടാന്‍ ഇന്റര്‍നാഷണല്‍ ചളു യൂണിയന്റെ (ഐസിയു) സഹകരണത്തോടെ വനിതാ ശിശു വികസന ഡയക്ടറേറ്റ് ട്രോള്‍-മീം ക്യാമ്ബെയിനും നടത്തിയിരുന്നു. ഓണ്‍ലൈന്‍ സമൂഹം പ്രസ്തുത പ്രചരണം സര്‍വ്വത്മനാ സ്വാഗതം ചെയ്തെന്നും, സ്ത്രീധനത്തിനെതിരെ ചിന്തിക്കുന്ന വലിയൊരു വിഭാഗം യുവജനങ്ങള്‍ സ്ത്രീധന വിരുദ്ധ സന്ദേശങ്ങള്‍ ഉക്കൊള്ളുന്ന ട്രോളുകള്‍ വ്യാപകമായി ഷെയര്‍ ചെയ്തു എന്നുള്ളതും വളരെ അഭിനന്ദനാര്‍ഹമായ കാര്യമാണ്. റീച്ച് ഡാറ്റ പ്രകാരം നാല്പത്തിമൂന്ന് ലക്ഷം ആള്‍ക്കാരിലേക്ക് പ്രസ്തുത ക്യാമ്ബെയ്ന് എത്തിച്ചേര്‍ന്നിട്ടുണ്ട്.
വിവാഹം കച്ചവടമല്ലെന്നും സ്ത്രീകള്‍ വിലപേശി വിനിമയം ചെയ്യപ്പെടേണ്ട കമോഡിറ്റികള്‍ അല്ലെന്നുമുള്ള വസ്തുതയും ആശയവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നവംബര്‍ 26ന് ഈ വര്‍ഷത്തെ സംസ്ഥാനതല സ്ത്രീധന വിരുദ്ധ ദിനാചരണം പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് അഹല്യ ഹെല്‍ത്ത് ഹെറിറ്റേജ് ആന്‍ഡ് നോളജ് വില്ലേജില്‍ വച്ച് നടക്കുകയാണ്. സ്ത്രീധനരഹിതമായി വിവാഹം കഴിച്ച ദമ്ബതികളുടെ ഒത്തുചേരലും ഇതിന്റെ ഭാഗമായി നടക്കുന്നു. പരിപാടിയില്‍ സ്ത്രീധന വിരുദ്ധ മുന്നേറ്റത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ട് ഞാനും പങ്കെടുക്കുന്നുണ്ട്. സാധിക്കുന്നവര്‍ എല്ലാം അന്നേദിവസം അഹല്യ ക്യാമ്ബസിലെ അവാച് ഓഡിറ്റോറിയത്തില്‍ എത്തിച്ചേരാന്‍ ക്ഷണിക്കുന്നു.
സ്നേഹപൂര്‍വ്വം
ടൊവീനോ തോമസ്