വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ഐ.എൻ.ടി.യു.സി യുടെ നേതൃത്വത്തിൽ വൈദ്യുതി ജീവനക്കാർ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് പ്രതിഷേധ ധർണ്ണ നടത്തി
കാഞ്ഞങ്ങാട്: ഇന്ത്യൻ ജനതയെ അടിമകളെ പോലെ കരുതുന്ന ഏകാധിപതിയായി വളരുന്ന നരേന്ദ്ര മോഡിയുടെ കിരാത ഭരണത്തിനെതിരെ ഇന്ത്യൻ ജനതയൊന്നാകെ ആഞ്ഞടിക്കേണ്ട സന്ദർഭം സമാഗതമായെന്ന് കെ.പി.സി.സി. സെക്രട്ടറി എം.അസിനാർ പ്രസ്താവിച്ചു. ഇന്ന് പാർലിമെന്റിൽ കൊണ്ടുവരുന്ന വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ഐ.എൻ.ടി.യു.സി യുടെ നേതൃത്വത്തിൽ വൈദ്യുതി ജീവനക്കാർ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.അസിനാർ. അംബാനിമാർക്കും അദാനിമാർക്കും വൈദ്യുതി മേഖലയെ അടിയറവ് വെക്കുന്നതിലൂടെ വൈദ്യുതി ചാർജ് ക്രമാതീതമായി വർദ്ധിക്കുന്നതിനോടൊപ്പം കാർഷിക- വ്യവസായിക മേഖലകൾ തകർച്ചയിലേക്ക് നീങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാർഷിക- തൊഴിൽ നിയമങ്ങൾ ഇന്ത്യൻ ജനതയുടെ മേൽ അടിച്ചേൽപ്പിച്ച മോദി സർക്കാർ വൈദ്യുതി നിയമ ഭേദഗതി അടിച്ചേൽപ്പിച്ച് ഒരു യഥാർത്ഥ സ്വേച്ഛാധിപതിയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുത വിതരണ രംഗം സ്വകാര്യവൽക്കരിച്ചാൽ മറ്റു ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നത് പോലെ വൈദ്യുതിയും വിൽക്കാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. സുശക്തമായ വൈദ്യുത വിതരണ ശൃംഖല കെട്ടിപ്പടുത്ത പൊതു മേഖല വൈദ്യുത കമ്പനികളെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ ബഹുജനങ്ങളെയൊന്നാകെ സംഘടിപ്പിച്ച് സമരരംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വൈദ്യുത നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പി.വി.ചന്ദ്രശേഖരൻ അധ്യക്ഷനായി. മഹേഷ് കരിമ്പിൽ, കെ.വി. സുരേശൻ, പി.ജയചന്ദ്രൻ. എം. ബാലചന്ദ്രൻ , ജലീൽ കാർത്തിക, കെ.എം. അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.