കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ, പിടിയിലായത് വർഷങ്ങളായി പൊലീസ് തിരയുന്നവർ
തിരുവനന്തപുരം: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. വിഴിഞ്ഞം കേന്ദ്രീകരിച്ച് നാലു വർഷത്തിലേറെയായി കഞ്ചാവ് കച്ചവടം നടത്തുന്ന മലയാളി ഉൾപ്പെടെ രണ്ട് പേരാണ് പിടിയിലായത്. ആന്ധ്രയിലെ അണ്ണാവരത്തു നിന്ന് കൊണ്ടു വന്ന 327.86 കിലോ കഞ്ചാവാണ് തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വച്ച് ചെന്നൈ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്.തിരുവനന്തപുരം കളിയിക്കാവിള സ്വദേശി എം ശ്രീനാഥും ലോറി ഡ്രൈവർ ചെന്നൈ സ്വദേശി ദുബാഷ് ശങ്കറുമാണ് പിടിയിലായത്. ശ്രീനാഥ് കഴിഞ്ഞ നാല് വർഷമായി വിഴിഞ്ഞം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തി വരികയായിരുന്നു. കഞ്ചാവ് വിൽപനയുടെ ഇടനിലക്കാരനുമാണ് ഇയാൾ. ലോറിക്കകത്ത് പ്രത്യേക അറകളുണ്ടാക്കിയാണ് ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനയിൽ പ്രത്യേക അറകളിൽ പൊതികളിലാക്കി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.