നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല, കോടതി നടത്തിയ പരാമർശങ്ങൾ വേദനിപ്പിച്ചു; അപ്പീലുമായി വിജയ് ഹൈക്കോടതിയിൽ
ചെന്നൈ: വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് തേടിയുള്ള കേസിൽ നടൻ വിജയ് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. കാറിന് നികുതിയിളവ് തേടി നേരത്തെ വിജയ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയിട്ട് തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് വിജയ് അപ്പീലുമായി കോടതിയെ സമീപിച്ചത്.ഹർജി ഫയലിൽ സ്വീകരിച്ച മദ്രാസ് ഹൈക്കോടതി നികുതി വെട്ടിപ്പുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലേക്ക് കേസ് മാറ്റി. ജസ്റ്റിസ് ആർ ഹേമലത, ജസ്റ്റിസ് എം ദുരൈസ്വാമി എന്നിവരുടെ ബെഞ്ചാവും ഇനി കേസ് പരിഗണിക്കുക. രണ്ടംഗ ബെഞ്ച് കേസിൽ വിശദമായ വാദം കേൾക്കും.കേസ് നാളെ തന്നെ പരിഗണിക്കണമെന്ന് വിജയിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രജിസ്ട്രാർ ലിസ്റ്റ് ചെയ്യുന്നത് എപ്പോഴാണോ അപ്പോൾ ഹർജി പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.പ്രവേശന നികുതിയുടെ പേരിൽ രജിസ്ട്രേഷൻ വൈകിയതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും കൃത്യമായ നികുതി അടയ്ക്കാൻ തയ്യാറാണെന്നും കോടതിയിൽ അറിയിക്കും. മുൻ ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ റീൽ ഹീറോ പരാമർശം ഏറെ വേദനിപ്പിച്ചു. ഇത്തരം വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടും. അധിക നികുതി ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും നടപടിക്രമം വൈകിയതാണ് ചോദ്യം ചെയ്തതെന്നും വിജയ്യുടെ അഭിഭാഷകൻ കുമാരേശൻ വ്യക്തമാക്കി.