കേരളത്തിൽ കോഴിവില കൂടുന്നതിന് കാരണങ്ങൾ രണ്ട്, തമിഴ്നാട് ലോബിയുടെ കളിയിങ്ങനെ
ആലപ്പുഴ: സംസ്ഥാനത്തെ ചെറുകിട ഫാമുകൾ ഇറച്ചിക്കോഴി ഉത്പാദനം കുറച്ചതോടെ കോഴിവില കുത്തനെ ഉയർന്നു. ഒരുകിലോയുള്ള കോഴിക്ക് കഴിഞ്ഞ മാസം 65 രൂപയായിരുന്നു. ഇന്നലെ 160 രൂപ! തീറ്റവില അടിക്കടി കൂടുന്നതിനാൽ ആനുപാതികമായി കർഷകർക്ക് വില കിട്ടാതെ വന്നതോടെ ഫാം ഉടമകൾ ഉത്പാദനം ഏഴുപത് ശതമാനം വരെയാണ് കുറച്ചത്.ചെറുതും വലുതുമായ ആയിരത്തിലധികം ഫാമുകളാണ് സംസ്ഥാനത്തുള്ളത്. സ്വയംതൊഴിൽ പദ്ധതി പ്രകാരം തുടങ്ങിയ ഇറച്ചിക്കോഴി ഫാമുകൾ പലതും വലിയ പ്രതിസന്ധിയിലാണിപ്പോൾ. കൊവിഡിനെ തുടർന്ന് വിദേശത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പലരും ഇറച്ചിക്കോഴി മേഖലയിലേക്കിറങ്ങിയിരുന്നു. ഉത്പാദന ചെലവിന് അനുസരിച്ചുള്ള വില കിട്ടാത്തതിനാൽ കടുത്ത സാമ്പത്തിക നഷ്ടം സഹിക്കേണ്ട അവസ്ഥയാണ്.സംസ്ഥാനത്തിന് ആവശ്യമായ ഇറച്ചിക്കോഴിയുടെ 80 ശതമാനവും ഇവിടെത്തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. അതിനാൽ തമിഴ്നാടൻ ഇറച്ചിക്കോഴിക്ക് പഴയ ഡിമാൻഡില്ല. എന്നാൽ കുഞ്ഞുങ്ങളുടെ ഉത്പാദനം കൂടുതലും അവിടെയാണ്. കുഞ്ഞിന്റെയും തീറ്റയുടെയും വില തമിഴ്നാട് ലോബികൾ നിയന്ത്രിക്കുന്ന സാഹചര്യമാണ്. ഒരു ദിവസം പ്രായമായ കുഞ്ഞിന് കഴിഞ്ഞമാസം 17 രൂപയായിരുന്നു. ഇന്നലെ 25 രൂപയായി. ലോക്ക് ഡൗണിന് മുമ്പ് 50 കിലോ തീറ്റയ്ക്ക് 1430 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 2200 ആയി. 25 രൂപയ്ക്ക് വാങ്ങുന്ന കോഴിയെ പരിപാലിച്ച് 40 ദിവസം പ്രായമാക്കുമ്പോൾ നല്ലൊരു തുക ചെലവഴിക്കേണ്ടി വരും. ഫാമിൽ 100 രൂപയിൽ താഴെ നൽകി ഏജൻസികൾ മാർക്കറ്റിൽ എത്തിക്കുന്ന കോഴിക്കാണ് 160 രൂപ വാങ്ങുന്നത്.തമിഴിൽ പറയും!തമിഴ്നാട് ലോബിയാണ് വില നിയന്ത്രിക്കുന്നത്. സംസ്ഥാനത്തെ കർഷകർക്ക് ആവശ്യമായ കോഴിക്കുഞ്ഞുങ്ങളും തീറ്റയും തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്. സംസ്ഥാനത്തെ ഫാമുകളിൽ കോഴിയുടെ വില്പന സീസൺ ആരംഭിക്കുമ്പോൾ തമിഴ്നാട് ലോബികൾ കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് ഇറച്ചിക്കോഴി എത്തിക്കും. അതിനാൽ സംസ്ഥാനത്തെ കർഷകർക്ക് സാമ്പത്തിക നഷ്ടമാവും ഫലം…………………………….ഇറച്ചിക്കോഴി തീറ്റ കേരള ഫീഡ്സ് ഉത്പാദിപ്പിക്കുന്നില്ല. തീറ്റ, കോഴിക്കുഞ്ഞുങ്ങളുടെ വില എന്നിവ നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം. അടിക്കടിയുള്ള തീറ്റവില വർദ്ധനവും കോഴിക്കുഞ്ഞുങ്ങളുടെ വിലവർദ്ധനവും ഫാം ഉടമകളെ നഷ്ടത്തിലാക്കും.