ലഹരിയിൽ തട്ടിക്കൊണ്ടുപോകൽ നാടകം; കുടുങ്ങിയ സംഘം ഒടുവിൽ തലയൂരി
അടിമാലി: മയക്കുമരുന്ന് ലഹരിയിൽ തട്ടിക്കൊണ്ട് പോകൽ നാടകം കളിച്ച മൂന്നംഗസംഘത്തെ നാട്ടുകാർ തടഞ്ഞുനിർത്തി പൊലീസിൽ ഏൽപിച്ചു. ലഹരി ഇറങ്ങിയപ്പോൾ മാപ്പ് അപേക്ഷ നൽകി സംഘം തലയൂരി.
അടിമാലി കല്ലാർ ഭാഗത്ത് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. എറണാകുളം സ്വദേശികളായ ആറംഗസംഘം വെള്ളിയാഴ്ച മൂന്നാറിൽ എത്തി. മൂന്ന് സ്ത്രീകളും, മൂന്ന് പുരുഷന്മാരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവർ കുരിശുപാറ ഭാഗത്തെ റിസോർട്ടിൽ മുറിയെടുത്തു. ശനിയാഴ്ച ഉച്ചയോടെ രണ്ട് പുരുഷന്മാരും ഒരു യുവതിയും കാറിൽ അടിമാലിക്ക് സാധനങ്ങൾ വാങ്ങാൻ വരികയായിരുന്നു.
കല്ലാർ ഭാഗത്ത് എത്തിയപ്പോൾ യുവതി കൂടെയുള്ളവർ തന്നെ തട്ടിക്കൊണ്ടുപോകുന്നതായി നാട്ടുകാരോട് വിളിച്ച് പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട സമീപത്തെ വർക്ഷോപ് നടത്തിപ്പുകാർ നാട്ടുകാരുടെ സഹായത്തോടെ വാഹനത്തെ പിൻതുടർന്ന് സംഘത്തെ പിടികൂടിയെങ്കിലും യുവതിയും യുവാക്കളും ലഹരിയിലാണെന്ന് കണ്ടെത്തി.
സംഭവം അറിഞ്ഞ് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു. ചോദ്യംചെയ്യലിൽ സംഘത്തിലെ മറ്റ് അംഗങ്ങൾ കല്ലാറിലെ റിസോർട്ടിൽ ഉള്ളതായി ഇവർ പറഞ്ഞു.
സംഭവം അന്വേഷിക്കാൻ പൊലീസ് ഇവരെയും കൂട്ടി കുരിശുപാറക്ക് പുറപ്പെട്ടു. ഇതിനിടെ യുവതിയുടെ ലഹരി വിട്ടു. തങ്ങൾ സുഹൃത്തുക്കളാണെന്നും വിട്ടയക്കണം എന്നും പറഞ്ഞ് അവർ പൊലീസിനോട് തട്ടിക്കയറി.
ലഹരിയിൽ തമാശക്ക് പറഞ്ഞതാണെന്നായിരുന്നു യുവതിയുടെ മൊഴി. പിന്നീട് താക്കീത് നൽകി സംഘത്തെ വിട്ടയച്ചു. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ആറംഗസംഘം.