തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടി രൂപയുടെ വായ്പ തട്ടിപ്പ്; ആറ് ജീവനക്കാര്‍ക്കെതിരെ കേസ്,
തൃശൂര്‍: തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ വായ്പ തട്ടിപ്പ്. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയും ജീവനക്കാരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സംഭവത്തില്‍ ആറ് ജീവനക്കാര്‍ക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ഇതോടെ ഇവടെ സസ്പെന്റു ചെയ്തു. സി.പി.എം ഭരണസമിതി പിരിച്ചുവിട്ടിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തിലും തട്ടിപ്പ് ബോധ്യപ്പെട്ടതോടെ സഹകരണ വകുപ്പ് ഈ ബാങ്കില്‍ അഡ്മിനിസ്ട്രേറ്ററെ വച്ചിരിക്കുകയാണ്.
വര്‍ഷങ്ങളായി ഈ ബാങ്കില്‍ തട്ടിപ്പ് നടന്നുവരികയാണെന്നാണ് സൂചന. റബ്കോയ്ക്ക് 50 കോടി വായ്പ നല്‍കിയതായും കാണിച്ചിരിക്കുന്നു. ബാങ്കില്‍ നിന്ന് പുറത്തുപോയ ഒരു ജീവനക്കാരന് തട്ടിപ്പുകള്‍ സഹകരണ വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
ഇരിങ്ങാലക്കുട സ്വദേശിനിയായ വീട്ടമ്മ ഭൂമി പണയപ്പെടുത്തി നിസാര തുക വായ്പ എടുത്തിരുന്നു. എന്നാല്‍ മൂന്നു കോടി രൂപ വായ്പ എടുത്തുവെന്ന് കാണിച്ച നോട്ടീസ് വന്നതോടെയാണ് സംഭവം പുറത്തുവന്നത്. ആധാരത്തിനൊപ്പം നല്കിയ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ പല തവണ പണയപ്പെടുത്തി വായ്പ എടുത്തുവെന്ന് കണ്ടെത്തി. ബാങ്കില്‍ നിന്ന് വായ്പ എടുത്ത നിരവധി പേരുടെ ഭൂരേഖകള്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഉപയോഗിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു. ബാങ്ക് ജീവനക്കാരും ഭരണസമിതിയും അറിയാതെ ഇത്തരമൊരു ക്രമക്കേട് നടക്കില്ലെന്നാണ് പോലീസ് പറയുന്നത്.
വ്യാജരേഖ ചമച്ചു, ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 46 പേരുടെ വായ്പ തുക പോയത് ഒരാളുടെ അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തി.
450 കോടി രുപയുടെ നിക്ഷേപമുണ്ടായിരുന്ന ബാങ്കില്‍ നിലവില്‍ 320 കോടിയുടെ നിക്ഷേപമുണ്ടെന്നാണ് ബാങ്ക് പ്രസിഡന്റ് പറയുന്നത്. എന്നാല്‍ ഒരു തുകപോലും നിക്ഷേമില്ലെന്ന് ഇടപാടുകാര്‍ പറയുന്നു. പണം നിക്ഷേപിച്ചവര്‍ക്ക് പിന്‍വലിക്കാന്‍ ടോക്കണ്‍ നല്‍കും. ഒരാഴ്ച കാത്തുനിന്നാല്‍ പരമാവധി 10,000 രൂപയാണ് ലഭിക്കുക.
നെല്‍കര്‍ഷകരും കര്‍ഷക തൊഴിലാളികളുമാണ് തട്ടിപ്പിന് ഇരയായവരില്‍ ഏറെയും. ഭൂമിയുടെ ആധാരം പണയപ്പെടുത്തി വായ്പ എടുക്കുന്നവര്‍ അറിയാതെ അവരുടെ ആധാരം മൂന്നും നാലും തവണ ഈട്വച്ച് പണമെടുക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഇത് ഭൂമി ഉടമ അറിയുന്നില്ല. ബാങ്കില്‍ നിന്നും നോട്ടീസ് എത്തുമ്പോഴാണ് ഇവര്‍ അറിയുന്നത്.