കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയെ ജന്മനാട്ടിൽ എത്തിച്ച് തെളിവെടുത്തു. വാഴവരയിലെ ജോളിയുടെ പഴയ തറവാട്, മാതാപിതാക്കള്‍ താമസിക്കുന്ന കട്ടപ്പന നഗരത്തിലെ വീട് എന്നിവിടങ്ങളിലെത്തിച്ചാണ് അന്വേഷണസംഘം തെളിവെടുത്തത്. ജോളിയുടെ മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തി.
അറസ്റ്റിലായതിന് ശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയപ്പോള്‍ ജോളി അമ്മയെക്കണ്ട് പൊട്ടിക്കരഞ്ഞു. മത്തായിപ്പടിയിലെ പഴയ തറവാട്ടില്‍ തെളിവെടുപ്പ് നടത്തിയശേഷമാണ് ജോളിയെ മാതാപിതാക്കള്‍ താമസിക്കുന്ന വലിയകണ്ടത്തെ വീട്ടിലെത്തിച്ചത്. ആദ്യം വാഴവരയിലെ പഴയ കുടുംബവീട്ടിലെത്തിച്ച ശേഷം വലിയക്കണ്ടത്തെ ഇപ്പോഴത്തെ കുടുംബവീട്ടിലെത്തിച്ചു. ജോളിയുടെ പിതാവും മാതാവും വീട്ടിലുണ്ടായിരുന്നു. സഹോദരനെയും ഇവിടേക്ക് വിളിച്ചു വരുത്തിയിരുന്നു. പിതാവിന് ആരോഗ്യ പ്രശ്നമുള്ളതിനാല്‍ ജോളിയുടെ സാന്നിദ്ധ്യത്തിലല്ല അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയത്.
ജോളിയും കുടുംബവും മുന്‍പ് താമസിച്ചിരുന്ന കാമാക്ഷി പഞ്ചായത്തിലെ ഏഴാംമൈല്‍ മത്തായിപ്പടിയിലും, മാതാപിതാക്കള്‍ ഇപ്പോള്‍ താമസിക്കുന്ന വീടിനു മുന്നിലും, അന്വേഷണ സംഘം മുന്‍പ് പരിശോധന നടത്തിയ കട്ടപ്പനയിലെ ജ്യോത്സ്യന്റെ വീടിനു സമീപവും ആളുകള്‍ രാവിലെ മുതല്‍ തമ്ബടിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീട്ടില്‍ പരിശോധന നടത്തുകയും കുടുംബാംഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. വാഴവരയിലെ പഴയ കുടുംബ വീട്ടിലുണ്ടായിരുന്ന നായയെ വിഷം നല്കി കൊന്ന ശേഷമാണ് ജോളി അന്നമ്മയ്ക്ക് വിഷം കൊടുത്തതെന്ന് അന്വേഷണ സംഘം പറയുന്നു.
കാര്‍ഷിക ആവശ്യത്തിനായി ജോളിയുടെ പിതാവ് വാങ്ങിവച്ചിരുന്ന വിഷം കൈക്കലാക്കിയാണ് വളര്‍ത്തുനായയില്‍ പരീക്ഷിച്ചത്. ഏലത്തിന് ഉപയോഗിക്കുന്ന വീര്യം കൂടിയ വിഷമായിരുന്നു. നായ ചത്തത് വിഷം ഉള്ളില്‍ ചെന്നാണെന്ന് അന്ന് ആര്‍ക്കും മനസിലായില്ല. പ്രായമായി ചത്തതാണെന്നാണ് കരുതിയത്. ഇതോടെയാണ് ഈ ശൈലി എല്ലാ കൊലപാതകങ്ങളിലും സ്വീകരിക്കാന്‍ ജോളി തീരുമാനിച്ചത്.