കേരളത്തിൽ ബക്രീദ് പൊതു ആഘോഷമാകുന്നത് എങ്ങനെ?രൂക്ഷ വിമർശനവുമായി കോൺഗ്രസ് വക്താവ്
വെട്ടിലായി കെ പി സി സി
ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ മൂന്ന് ദിവസം ലോക്ക് ഡൗൺ ഇളവ് നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിങ്വി. ട്വിറ്ററിലൂടെയാണ് അദ്ദേഹം രംഗത്ത് വന്നത്.
ബക്രീദ് ആഘോഷങ്ങൾക്കായി മൂന്ന് ദിവസത്തേക്ക് നിയന്ത്രണങ്ങൾ ഒഴിവാക്കിയ കേരള സർക്കാർ നടപടി ദൗർഭാഗ്യകരമാണെന്നും, കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മറക്കരുതെന്നുമാണ് അദ്ദേഹം ട്വീറ്റിൽ പറയുന്നത്. അതോടൊപ്പം കാവടി യാത്ര തെറ്റാണെങ്കിൽ ബക്രീദ് പൊതു ആഘോഷമാകുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉത്തര്‍പ്രദേശിലെ കാവടി യാത്ര തീര്‍ത്ഥാടനം സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് റദ്ദാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അഭിഷേക് സിങ്വിയുടെ പ്രതികരണം.ബക്രീദിനോടനുബന്ധിച്ച് ഇന്നുമുതൽ മൂന്ന് ദിവസം സംസ്ഥാനത്തെ കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.ബുധനാഴ്ചയാണ് ബക്രീദ്. ആള്‍കൂട്ടം പാടില്ലെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ പൊലീസിന് നൽകിയിട്ടുണ്ട്.
അതേസമയം സിംഗ്വിയുടെ വിമർശനം
കേരളത്തിലെ കോൺഗ്രസിനെ വെട്ടിലാക്കി. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിലും കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിനും ഭിന്നാ ഭിപ്രായമാണുള്ളത്.