പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ തലയിടിച്ചു വീണ യുവാവ് മരിച്ചു ; യുവതിയെ പൊലീസ് വെറുതേ വിട്ടു
ചെന്നൈ: തിരുവള്ളൂർ ജില്ലയിലെ മിഞ്ചൂരിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ സ്വയരക്ഷയ്ക്കായി കൊലപ്പെടുത്തിയ 23കാരിയെ തമിഴ്നാട് പൊലീസ് വെറുതേ വിട്ടു. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകമായതിനാൽ ഐപിസി 100-ാം വകുപ്പു പ്രകാരം സ്റ്റേഷൻ ജാമ്യത്തിൽ യുവതിയെ പൊലീസ് വിട്ടയക്കുകയായിരുന്നു.
ജോലി സ്ഥലത്തുനിന്ന് മടങ്ങുകയായിരുന്ന യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി യുവാവ് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ നടന്ന പിടിവലിയിൽ ഇയാൾ പാറക്കല്ലിൽ തല ഇടിച്ച് വീണാണ് മരണം സംഭവിച്ചത്.
മൃതദേഹം കണ്ട വിവരം നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. അന്വേഷണം ആരംഭിച്ചതോടെ യുവതി സ്റ്റേഷനിലെത്തി കാര്യങ്ങൾ വെളിപ്പെടുത്തി. തുടർന്ന് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. മരിച്ച യുവാവ് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.