കാസർകോട് : പഴയ ബസ്റ്റാൻറ് പരിസരത്തെ ഹണികൂൾ ആൻറ് ഐസ്ക്രീം പാർലറിൽ മോഷണം നടത്തുന്നതിനിടയിൽ കുപ്രസിദ്ധ മോഷ്ടാവ് കൈയ്യോടെ പിടിയിൽ. പൈക്ക നെക്രാജെയിലെ മുഹമ്മദ് ശിഹാബ് (30 ) ആണ് ടൗൺ എസ്.ഐ പ്രദീപ് കുമാറിൻറെ നേധൃത്വത്തിലെത്തിയ പോലീസ് സംഘത്തിൻറെ പിടിയിലായത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. കൂൾബാറിനകത്തു നിന്നു ശബ്ദം കേട്ടവർ ആരോ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.ഇതനുസരിച്ച് പട്രോളിംഗ് നടത്തുകയായിരുന്ന എസ്.ഐയും സംഘവും സ്ഥലത്തെത്തി. കടയുടെ അകത്തു നിന്നു ശബ്ദം കേട്ടു. തുടർന്ന് പോലീസ് സംഘം കട വളയുകയും ഉടമസ്ഥനായ മുഹമ്മദിനെ വിവരമറിയിക്കുകയും ചെയ്തു. ഉടമയെത്തി ഷട്ടറിൻറെ പൂട്ടു തുറന്ന് ഷട്ടർ ഉയർത്തി നോക്കിയപ്പോൾ കടയുടെ അകത്തു പതുങ്ങിയിരിക്കുന്ന നിലയിലായിരുന്നു മുഹമ്മദ് ഷിഹാബെന്നു പോലീസ് പറഞ്ഞു. കൈയ്യോടെ പിടിയിലായ ഇയാളെ ടൗൺ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയിതു വരികയാണ്. ഇയാളെ നേരത്തെ മൊബൈൽ ഷോപ്പിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി നടക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. എക്സിസ്റ്റിംഗ് ഫാൻ അടർത്തി മാറ്റി അതുവഴിയാണ് ഇയാൾ കടയുടെ അകത്തു കടന്നത്. അടുത്തിടെ കാസർകോട് ടൗണിൽ ആറോളം കടകളിലും കഴിഞ്ഞ ദിവസം നായന്മാർമൂലയിലെ മൂന്നു കടകളിലും കവർച്ചകൾ നടത്തിയിരുന്നു.