എന്തുകൊണ്ട് കാസർകോട് മുൻ ജില്ലാ കളക്ടർ ഡോ.ഡി .സജിത്ത് ബാബു ഐ.എ.എസ് ബഹുഭൂരിപക്ഷം പേർക്കും പ്രിയപ്പെട്ടതായിട്ടും ചിലർക്ക് കണ്ണിലെ കരടായത് ?
2021 പതിമൂന്നാം തീയതി ജൂലൈ മാസം വൈകുന്നേരം ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് വണ്ടികളിൽ വന്ന നിരവധി ആളുകൾ പാതയോരത്ത് കാത്തുനിൽക്കുന്നു. ഇതിൽ സാധാരണക്കാർ മുതൽ പൗരപ്രമുഖർ വരെ ഉൾപ്പെടും. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിയന്ത്രണങ്ങളോടെയാണ് ആളുകളെ കളക്ടറുടെ വസതിയിലേക്ക് കടത്തിവിട്ടത്.
ജില്ലാ കലക്ടർ ചുമതലയിൽ നിന്നും ഡോക്ടർ സജിത് ബാബു പടിയിറങ്ങി തിരുവനന്തപുരത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് വസതിയിൽ. ഇതിനിടയിലും തന്നെ കാണാൻ വന്ന വരെ നിരാശരാകാൻ അദ്ദേഹം തയ്യാറായില്ല. തോളിൽ തട്ടിയും കൂടെ നിന്നു ഫോട്ടോയെടുത്തും ഓരോരുത്തരായി വന്ന് കണ്ട് മടങ്ങുകയാണ്. പലരും കണ്ണുകൾ നനഞ്ഞതോടെ സജിത്ത് ബാബു പറഞ്ഞു.
ഞാൻ എവിടെയും പോകുന്നില്ല,എനിക്കൊരു രണ്ടാം വീട് ഉണ്ടെങ്കിൽ അത് കാസർകോട് തന്നെയാണ് പറ്റുമെങ്കിൽ ഞാൻ ഒരു ഭവനം ഇവിടെ സ്വന്തമാക്കും. അവധികളിൽ നിങ്ങളോടൊപ്പം ഇവിടെ ചെലവഴിക്കും. തുടർന്നു കാസർകോടിന്റെ കാര്യങ്ങളിൽ ഞാൻ എന്നെക്കൊണ്ട് ആവുന്ന രീതിയിൽ ഇടപെടും. അതുകൊണ്ട് ഇതൊരു വിട വാങ്ങൽ ആയി ആരും കരുതരുത്.
ഇതിനിടയിൽ സജിത്ത് സാറിൻറെ മൊബൈലിലേക്ക് ഒരു സന്ദേശം വന്നു. സർ പോവുകയാണോ? താങ്കൾ ഉപയോഗിക്കുന്ന ജില്ലാ ഭരണകൂടത്തിന് ഈ നമ്പർ ഞങ്ങൾക്കൊരു ഒരു കാവൽ ആയിരുന്നു. ഇതോടെ ഇദ്ദേഹത്തിൻറെ മുഖത്തും അല്പം സങ്കടം കടന്നുവന്നങ്കിലും പുറത്തറിയിക്കാതെ രീതിയിൽ ഒന്ന് പൊട്ടി ചിരിച്ചു. എന്നിട്ട് പറഞ്ഞു നിങ്ങളെല്ലാവരും കൂടി എന്നെ നാണം കെടുത്തുമോ. ജോസഫ് അലക്സ് എന്ന പേരു നൽകി അവസാനം യാത്രയിലെ മമ്മൂട്ടിയുടെ കഥാപാത്രം പോലെ ആകുമോ.. വീണ്ടും അതേ ചിരി
യാത്രയയപ്പുമായി ബന്ധപ്പെട്ട പല കുറിപ്പുകളും ഫോട്ടോകളും ഇതിനിടയിൽ ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിച്ചു തുടങ്ങി. ഒരു പ്രത്യേക വിഭാഗം അദ്ദേഹം സ്ഥലംമാറി പോകുന്നതിൽ ആഹ്ളാദം ഫേസ്ബുക്ക് കമൻറുകളിൽ പ്രകടിപ്പിച്ചു. ഫേസ്ബുക്കും വാട്സ്ആപ്പിലൂടെയും ജീവിതം തള്ളി നീക്കുന്ന ഒരു പ്രത്യേക വിഭാഗമാണ് ഇവർ.
സജിത് സർ ജില്ലയ്ക്ക് വേണ്ടി എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട് ചിലത് പറയാനുണ്ട്….
വികസനം.
ജില്ലയിലുള്ളവർക്ക് എറ്റവും ആശ്വാസകരമായ വാർത്തയായിരുന്നു കഴിഞ്ഞ വർഷം കാസർകോട് ടാറ്റയുടെ ചിലവിൽ സർക്കാർ സ്ഥലത്ത് ഒരു ആശുപത്രി വരുന്നു എന്നത്.. എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യമാണ് ആശുപത്രി കാസർകോട് എത്തിക്കാൻ മുന്നിൽ നിന്നതും ഇതിനുവേണ്ടിയുള്ള പ്രവർത്തികളിൽ ഏർപ്പെട്ടതും തടസ്സങ്ങൾ ഉണ്ടായപ്പോൾ അതിനെ തരണം ചെയ്ത് യാഥാർഥ്യമാക്കിയതും ഈ മനുഷ്യനാണ്.
കാസർകോട് പാക്കേജ്
11,123.07 കോടി രൂപയുടെ കാസർകോട് വികസന പാക്കേജ് 2013 മുതൽ 2018വരെ 196 പദ്ധതികൾ അനുമതി ലഭിച്ചപ്പോൾ സജിത് ബാബു ജില്ലാ കളക്ടർ ആയിരുന്ന മൂന്ന് വർഷത്തിനിടയിൽ 277 പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. അതിൽ തന്നെ 252 പദ്ധതികൾക്ക് തുടക്കം കുറിക്കാനും പലതും പൂർത്തിയാക്കാനും സാധിച്ചു.
(ഇതുമായി ബന്ധപ്പെട്ട് പൂർണവിവരങ്ങൾ കെ ഡി പി വെബ്സൈറ്റിൽ https://www.kasaragodpackage.com/projects.php ലഭ്യമാണ്.)
കോവിഡ് പ്രതിരോധം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിനു തന്നെ മാതൃകയായ ഒട്ടേറെ പദ്ധതികളാണ് ഇദ്ദേഹം ജില്ലയിൽ നടപ്പാക്കിയത്. മാഷ് പദ്ധതി അടക്കം അതിൽ പലതും സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായി മാറി.സംസ്ഥാനത്തു രണ്ടാമത്തെ കോവിഡ് കേസ് കാസർകോട് റിപ്പോർട്ട് ചെയ്ത അന്നുമുതൽ വിവിധ വകുപ്പുകളിലെ ജീവനക്കാരെ അണിനിരത്തിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചു.. ഉക്കിനടുക്കയില്‍ നിര്‍മ്മാണം നടക്കുന്ന മെഡിക്കല്‍ കോളേജിനെ നാല് ദിവസം കൊണ്ട് കോവിഡ് സെന്ററാക്കി മാറ്റി. അന്നത്തെ “കാസർകോട് മാതൃക” നാഷണൽ മീഡിയയടക്കം റിപ്പോർട്ട് ചെയ്തു. അതുമായി ബന്ധപ്പെട്ടുള്ള ദേശീയതലത്തിൽ വലിയ ചർച്ചകളാണ് നടന്നത്.
കലാ കായികം വിനോദം
ജില്ലയിലെ ജനങ്ങളെ പരസ്പരം യോജിപ്പിക്കുന്നതിന് വേണ്ടി കല-കായിക വിനോദങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി. കാസർകൊടിന് വേണ്ടി ഒരുമിക്കാന്‍ സന്മനസ്സുള്ള എല്ലാ സംഘടനകളേയും കൂട്ടിയിണക്കിയാണ് ഇതിനായുള്ള പ്രവർത്തനം ആരംഭിച്ചത്.
കാസർകോട് തിയറ്ററിക്സ് സൊസൈറ്റി രൂപീകരിക്കുന്നതിലും ഒപ്പരം എന്ന പേരിൽ (കാസർകോടിനൊരിടം കൂടായ്മയുടെ ആശയം ) ന്യൂ ഇയർ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിലും എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച കലാപരിപാടികളും സാംസ്കാരിക സദസുകളും നടത്തുന്നതിലും മുന്നിൽ നിന്നു.
ഫുഡ് ടൂറിസം
നിലവിൽ പാതയോരത്ത് തട്ടുകട നടത്തുന്നവർക്കയി
തായ്ലാൻഡ് മാതൃകയിൽ ആധുനിക രീതിയിലുള്ള തട്ടുകടകൾ പുതിയ നാഷണൽ ഹൈവേയോട് ചേർന്ന് കാസർകോട് മുൻസിപ്പൽ ആയുർവേദ ആശുപത്രിയുടെ പിന്നാലെയുള്ള റോഡ് ഉപയോഗപ്പെടുത്തിയുള്ള പദ്ധതി. ഒരു ഡ്രൈവ് ഇൻ റോഡ് ഫുഡ് കോർട്ട് പദ്ധതിയായിരുന്നു ജില്ലാ കലക്ടർ വിഭാവനം ചെയ്തിരുന്നത്.
oi
വിനോദം
കാസർഗോഡ് തളങ്കര ഹാർബർ മുതൽ തുടങ്ങുന്ന കോസ്റ്റൽ റോഡ് നവീകരിച്ചു സൈക്ലിങ് ടൂറിസത്തിനായിള്ള ശ്രമവും പഴയ തളങ്കര ഹാർബർ നവീകരിച്ചു സായാഹ്നം ചെലവഴിക്കാനുള്ള ഉല്ലാസ കേന്ദ്രം ആക്കാനുള്ള തളങ്കര ടൂറിസം പദ്ധതി. ഇതിനുള്ള ആദ്യപടിയെന്ന നിലയിലാണ് തളങ്കര പടിഞ്ഞാറ് ഉല്ലാസ കേന്ദ്രത്തിന് അനുമതി നൽകിയത്.
നിക്ഷേപം
കാസർകോട്ടേക്ക് നിക്ഷേപകരെ എത്തിക്കാൻ ദുബായിലും കാസർകോടും വെച്ച് നടത്താൻ ഉദ്ദേശിച്ച ബെറ്റർ കാസർകോട് നിക്ഷേപ സംഗമം. കോവിഡ് പ്രതിസന്ധി ഇല്ലായിരുന്നെങ്കിൽ ഒരു വർഷം മുമ്പ് നടക്കേണ്ട പദ്ധതി.
വാട്ടർ ടൂറിസം
ചന്ദ്രഗിരി പുഴയോട് ചേർന്ന് ചെമ്മനാടിനോട് ചേർന്ന് “ചെമ്മനാട് വാട്ടർ ടൂറിസം” പദ്ധതിപ്രകാരം വാട്ടർ വാട്ടർ ബോട്ടുകളും പുഴയിൽ താമസിക്കാനുള്ള ഹോട്ടലുകളും കൊണ്ടുവരാനുള്ള ശ്രമം .ഇങ്ങനെ തുടങ്ങി ഒരുപാട് പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമത്തിനിടയിലാണ് കോവിഡ് കടന്നു വന്നത്.
കലക്ടറേറ്റ് കെട്ടിടം നവീകരിക്കുന്നതിനുള്ള പ്രവൃത്തി അവസാന ഘട്ടത്തിലേക്ക് കടന്നു.
സജിത് ബാബുവിനെ ഓഫീസ് സീറോ ഫയൽ പെൻഡിങ് ഓഫീസയാണ് നാളിതുവരെ ഉണ്ടായിരുന്നത്. അവസാനം എംപി ഫണ്ട് മായി ബന്ധപ്പെട്ട വിഷയങ്ങൾ വരെ തീർത്തും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വാർത്തകൾ വന്നത്. അങ്ങനെ വന്നാൽ മാത്രമല്ലേ ചിലർക്കെങ്കിലും ജനങ്ങളുടെ മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ.
ബേക്കൽ ടൂറിസം
ബേക്കൽ കോട്ടയിലേക്കുള്ള പ്രവേശന കവാടം നന്നാക്കിയതും റെഡ്മൂൺ പാർക്ക് വികസിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കോൺക്രീറ്റ് ശവകുടീരങ്ങൾ ആയി മാറേണ്ടിയിരുന്ന ഇവിടെത്തെ പല റിസോർട്ടുകൾക്കും പുതുജീവൻ നൽകി.
കൂട്ട്, വി ഡിസേർവ്, റീച്ച് ഔട്ട്, ടാലന്റ് ഹണ്ട്, തടയണ പദ്ധതികൾ, പാണാർക്കുളം പദ്ധതി, ടെന്നിസ് കോർട്ട്, പട്ടയമേള, പുല്ലാഞ്ചി, കലക്ടറേറ്റിന് മുന്നിൽ ഗാന്ധി പ്രതിമ, ശരണാലയം, സീറോ വേസ്റ്റ് കാസർകോട്, കോളിയടുക്കം സ്റ്റേഡിയം, ഓപ്പൺ ജിം, വുമൺ കോംപ്ലക്സ് തുടങ്ങിയ ഒട്ടേറെ പദ്ധതികൾക്ക് അദ്ദേഹം തുടക്കമിട്ടു.
ചൈൽഡ് പ്രൊട്ടക്റ്റ് ആൻഡ് എഡ്യൂക്കേഷൻ
കുട്ടികളെ ബാലവേല ചെയ്യിപ്പിക്കുന്നതിനെതിരെ ശരണാലയം പദ്ധതി നടപ്പിലാക്കിയതും സജിത്ത് ബാബുവിന്റെ കാലഘട്ടത്തിലാണ്.
നിർധന കുടുംബത്തിലെ വിദ്യാർഥികൾക്കു പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിയായ മധുരം പ്രഭാതം പദ്ധതി ഏറ്റവും നന്നായി കാസർകോട് മുന്നോട്ട് കൊണ്ട് പോയത് ഇദ്ദേഹത്തിൻറെ നേതൃത്വത്തിലാണ്.
പലപ്പോഴും ഉന്നത വിദ്യാഭ്യാസം വിദ്യാർത്ഥികൾ പല കാരണങ്ങൾകൊണ്ടും പ്രതിസന്ധിയിലാക്കുന്ന വേളയിൽ വ്യക്തിപരമായും ഔദ്യോഗിക പരമായ ഇടപെടൽ നടത്തി
ഉന്നതി എന്ന പദ്ധതി വഴി ജില്ലയിലെ അഭ്യസ്ത വിദ്യര്‍ക്ക് സര്‍ക്കാര്‍ തൊഴിലിലേക്കുള്ള വഴി തുറക്കാൻ അവസരമുണ്ടാക്കി..
ജലസംരക്ഷണം
കാസർകോട്, മഞ്ചേശ്വരം ബ്ലോക്കുകളിൽ രൂക്ഷമാകുന്ന ഭൂജല ക്ഷാമം പരിഹരിക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ ബാംബു കാപ്പിറ്റൽ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയിൽമാത്രമായി കാസർകോട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകളിൽ 42,990 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു.. ജില്ലയിൽ ഈ കാലയളവിൽ 63 കുടുംബങ്ങളാണ് 100 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയത്..
കായികം
ജില്ലയിൽ ആദ്യമായി ടെന്നീസ് കോർട്ട്, കബഡി അക്കാദമി ,റോളർ സ്കേറ്റിംഗ് റോഡ്, സിമ്മിംഗ് പൂൾ ഇൻഡോ സ്റ്റേഡിയങ്ങൾ ക്ക് തുടക്കം കുറിക്കാനും നടപ്പിലാക്കാനും ഇദ്ദേഹത്തിൻറെ കാലയളവിൽ സാധിച്ചു
പുരസ്കാരങ്ങൾ
മൂന്നുവർഷംകൊണ്ട് ഇദ്ദേഹം ജില്ലയിൽ നടത്തിയ സേവനത്തിന് ലഭിച്ച അവാർഡുകളിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം ഇതാണ്..
ദേശീയ പുരസ്കാരങ്ങൾ
ഈ ഗവേണൻസ് അവാർഡ് .
അംഗപരിമിതർക്കായുള്ള ഇന്ത്യയിൽ തന്നെ ഏറ്റവും ഏറ്റവും മികച്ച പദ്ധതിയായ തിരഞ്ഞെടുത്ത വി ഡിസർവ്വ എന്ന പദ്ധതി നടപ്പിലാക്കിയത്തിന് 2020ൽ നാഷണൽ ഈ ഗവേണൻസ് അവാർഡ് .
ഐലെറ്റ്സ് അവാർഡ്
ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ ജലസംരക്ഷണം നടപ്പിലാക്കിയതിന് ഐലെറ്റ്സ് നാഷണൽ വാട്ടർ അവാർഡ്
റീച് ഔട്ട്
ഏറ്റവും വേഗത്തിൽ ഇന്ത്യയിൽ ഫയലുകൾ തീർപ്പാക്കിയ 12 കലക്ടർമാരിൽ ഒരാൾ . 59 731 ഫയലുകൾ തീർപ്പിലാക്കിയത്തിന് പ്രധാനമന്ത്രിയുടെ പ്രത്യേക പുരസ്കാരം.
സംസ്ഥാന പുരസ്കാരങ്ങൾ.
ബെസ്റ്റ് ഈ ഗോവൻഡഡ് ഡിസ്ട്രിക്ട് അവാർഡ്
വിവരസാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തി ജില്ലാ ഭരണം നടത്തിയതിനുള്ള അവാർഡ് ആയ ബെസ്റ്റ് ഈ ഗോവൻഡഡ് ഡിസ്ട്രിക്ട് അവാർഡ്
വാട്ടർ വാരിയർ അവാർഡ്
ജലസംരക്ഷണത്തിനുള്ള പ്രത്യേക പുരസ്കാരം വാട്ടർ വാരിയർ അവാർഡ്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇദ്ദേഹത്തിൻറെ സേവന കാലയളവ് ആയ 35 മാസം ഒരു വർഗീയ കലാപവും ഇല്ലാത്ത നോക്കി എന്നുള്ളത് പറയാതെ വയ്യ.
ഇനി ഇദ്ദേഹമെങ്ങനെ പലരുടെയും കണ്ണിലെ കരടായി മാറി എന്ന് ചുരുക്കി പറയാം..
ചാർജ് എടുത്തയുടൻ ജില്ലയിലെ അനധികൃത മണൽക്കടത്തുക്കാർക്കെതിരെ ശക്തമായ നടപടിയെടുത്തു.. രാത്രിയും പകലുമായി ഇരുന്നൂറോളം റൈഡുകളാണ് ഇദ്ദേഹം നേരിട്ട് നടത്തിയത്. മണലൂറ്റി അനധികൃതമായി സ്വത്ത് സമ്പാദിച്ചിരുന്ന ചോട്ടാ നേതാക്കളുടെ ജീവിതമാർഗം വഴിമുട്ടിയപ്പോൾ പല മുന്തിയയിനം ആളുകൾ ശുപാർശക്കായി കലക്ടറുടെ മുന്നിലെത്തി. ഒരിക്കൽ ശുപാർശ നടത്തിയവർ പിന്നീട് വഴിക്ക് വരേണ്ടി വന്നിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അമ്മാതിരി പണിയല്ലേ നമ്മുടെ കലക്ടർ കൊടുത്തത്. നാലു കോടി രൂപയോളമാണ് ഇത്തരക്കാരിൽ നിന്നും പിഴയായി ഈടാക്കിയതെന്ന് അറിയുമ്പോൾ തന്നെ ഇവർക്കുവേണ്ടി ശുപാർശക്ക് വന്നവർ ഇദ്ദേഹത്തിനെതിരെ തിരിഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ.
എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് ജില്ലയിൽ തന്നെ നാലിലധികം ഗ്രൂപ്പുകൾ.. എന്നാൽ ഇവർക്ക് ഒരുമിച്ചു നിന്ന് പ്രവർത്തിച്ചൂടെ എന്ന് ചോദിച്ചാൽ ഇവരുടെ ഈഗോ അതിന് സമ്മതിക്കുന്നില്ല എന്നതാണ് കാരണം.. എൻഡോസൾഫാൻ ഇരകളുടെ പേര് പറഞ്ഞു പബ്ലിസിറ്റി സ്റ്റൻഡ് നടത്താൻ ഇദ്ദേഹം ആരെയും അനുവദിച്ചില്ല. ചിലർ ജീവിതം മാർഗം തന്നെ സമരം ആക്കിയാൽ എന്തു ചെയ്യും . എൻഡോസൾഫാൻ ഇരകൾക്കായി ലോകത്തിലെ ഏറ്റവും ആധുനിക റിഹാബിലിറ്റേഷൻ സെൻറർ ഡോക്ടർ മുഹമ്മദ് ആഷിലിന്റെ നേതൃത്വത്തിൽ കാസർകോട് നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ ഇടക്കോലിട്ടവരാണ് ഈ ഈഗോ കമ്മിറ്റി.
ജില്ലയിൽ പത്തും പതിനഞ്ചു വർഷവും ജനപ്രതിനിധിയായിരുന്നവർ ചെയ്യാണ്ടിരുന്ന പല കാര്യങ്ങളും അദ്ദേഹം വന്നതിന് ശേഷം അന്വേഷിച്ചു തുടങ്ങി.. ചോദ്യങ്ങൾ ഉയർത്തി..ശരിയല്ല എന്നുള്ള തുറന്ന് പറഞ്ഞു. കാസർകോട് ജനറൽ ആശുപത്രിയുടെ കാര്യമൊക്കെ ഇതിന്റെ ഒരു ഉദാഹരണമാണ്.. ഇതോടെ ചില ജനപ്രതിനിധികളുടെ കണ്ണിലെ കരടായി മാറി.
സ്കൂൾ കുട്ടികളുടെ നിലവാരത്തിൽ ഫേസ്ബുക്കിലും പത്രപ്രസ്താവനയായും പലരും അദ്ദേഹത്തിനെതിരെ രംഗത്ത് വന്നു. ഇതുകണ്ട അടിമകൾ അത് ഏറ്റു പാടി. എന്നാൽ ഇത്തരം വിവാദങ്ങൾക്ക് മറുപടി നൽകാതെ തന്റെ കർമങ്ങളുമായി മുന്നോട്ട് പോയി.
മലിന്യത്തിന്ന് പോലും മതമുണ്ട് വിവാദമുയർത്തിയ വരുടെ ലക്ഷ്യമെന്ത്
മാലിന്യത്തിനും മതമുണ്ടാന്നെ വിവാദ പരാമർശം ഉയർത്തികാട്ടി ചിലർ രംഗത്ത് വന്നത് എന്തിനാണെന്ന് ഇപ്പോഴും മനസിലാകുന്നില്ല. അതിൽ ഒരു വിഭാഗത്തിനേയും അദ്ദേഹം എടുത്തു പറഞ്ഞിരുന്നില്ല. എന്നാൽ ചിലർ അത് സ്വയം ഏറ്റെടുക്കുന്ന കാഴ്ചയും കണ്ടു. കലക്ടർ എന്തുകൊണ്ട് ഇത് പറഞ്ഞു എന്ന് അന്വേഷിക്കാൻ എത്രപേർ തയ്യാറായി എന്നറിയില്ല. അങ്ങനെ ചോദിച്ചു മനസ്സിലാക്കിയ ഒരാൾ എന്ന നിലയിൽ പറയട്ടെ കാസർകോട്ടെ മാലിന്യങ്ങൾക്ക് പോലും മതം ഉണ്ടയിരുന്നു. അത് കാസർകോഡിന്റെ വികസന കാഴ്ചപ്പാടിന് വലിയ വിടവാണ് ഉണ്ടാക്കിയിരുന്നത്. എന്നാൽ ഇന്ന് അതിന് വലിയ രീതിയിലുള്ള മാറ്റങ്ങളും ഉണ്ടായി തുടങ്ങിയത് നല്ല കാര്യമാണ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോട് ജില്ല കൈവരിച്ച നേട്ടം ചെറുതല്ല.. അസൗകര്യങ്ങൾക്കിടയിലും അതും പറഞ്ഞ് കണ്ണീരൊലിപ്പിച്ച് നില്‍ക്കാതെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടി കഠിനമായ പ്രവര്‍ത്തനം നടത്തിയപ്പോൾ പുറമെ നിന്ന് വൈറസുമായി വരുന്നവരെ തടയാനുള്ള കര്‍ശന നടപടി സ്വീകരിക്കുകയാണ് ആദ്യം ചെയ്തത്.. ഇത് പലര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുകയും പലയിടങ്ങളിൽ നിന്നും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു..ഇത് ഇദ്ദേഹത്തെ അടിക്കാനുള്ള വടിയായി എതിരാളികൾ നന്നയി ഉപയോഗിച്ചു.
ഒരു ചോദ്യം ജനങ്ങൾക്ക് മുൻപിലോട്ട് തുറന്നിടുകയാണ്.. മൂന്ന് വർഷം പൂർത്തീകരിക്കുന്നതിനിടയിൽ ജില്ലയിൽ ഇത്രയധികം പദ്ദതികൾ നടപ്പിൽ വരുത്തിയ ഒരു കളക്ടറെ ചൂണ്ടിക്കാട്ടാമോ?