മുംബൈ: അജിത് പവാറിന്റെ നടപടി പാര്‍ട്ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് ശരദ് പവാര്‍. യഥാര്‍ഥ എന്‍സിപി പ്രവര്ത്തകന് ഒരിക്കലും ബിജെപിക്കൊപ്പം ചേരില്ല. കൂടുതല്‍ എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമാണുള്ളത്. പതിനൊന്ന് എം.എല്‍.എമാര്‍ മാത്രമാണ് അജിത് പവാറിനൊപ്പമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈയില്‍ ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്ക്കൊപ്പം സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പവാറിന്റെ പ്രതികരണം. എന്‍സിപിയുടെ സംസ്ഥാന കാര്യാലയമായ വൈ.ബി.ചവാന് സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരും പങ്കെടുത്തില്ല.
170 എം.എല്‍.എമാരുടെ പിന്തുണ എന്‍സിപി-ശിവസേനാ-കോണ്‍ഗ്രസ് സഖ്യത്തിനുണ്ടെന്നും പവാര്‍ അവകാശപ്പെട്ടു. ഈ പിന്തുണയെയാണ് ബി.ജെ.പി ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്. നവംബര്‍ 30നുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ല. യഥാര് എന്‍സിപി. എം.എല്‍.എമാര്‍ ആരും അജിത് പവാറിനൊപ്പം പോകില്ലെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ നീക്കത്തിന് ഒപ്പം നിന്ന വിമത എന്‍സിപി എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ 6.45നാണ് ഏതാനും എംഎല്‍എമാരുമായി അജിത് പവാര്‍ ഗവര്‍ണറെ കാണാന്‍ പോയ കാര്യം താന്‍ അറിഞ്ഞത്. പല എംഎല്‍എമാരെയും അജിത് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോയത്. തെറ്റിദ്ധരിപ്പിച്ചാണ് അജിത് തങ്ങളെ കൊണ്ടുപോയതെന്ന് ശരദ് പവാറിനൊപ്പം വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്ത മൂന്ന് എംഎല്‍എമാര്‍ പറഞ്ഞു.
അജിത് പവാറിന്റെ നടപടി പാര്‍ട്ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറേ പറഞ്ഞു. രാത്രിയുടെ മറവില്‍ രാഷ്ട്രീയം കളിക്കുന്നവരല്ല തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.