മുംബൈ: മഹാരാഷ്ട്രയില്‍ ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ നവംബര്‍ 30 വരെ ഗവര്‍ണര്‍ സമയം അനുവദിച്ചു. തങ്ങള്‍ക്ക് 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നു. പിന്തുണ അറിയിച്ചുകൊണ്ടുള്ള എംഎല്‍എമാരുടെ കത്ത് അജിത് പവാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയെന്നും ബിജെപി പറയുന്നു.
അതിനിടെ ശനിയാഴ്ച ശരദ് പവാര്‍, ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, കെ.സി.വേണുഗോപാല്‍ എന്നിവര്‍ സംയുക്തമായി പത്ര സമ്മേളനം നടത്തും. 4.30ന് ശരദ് പവാര്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം അദ്ദേഹം പത്രസമ്മേളനം നടത്തും. കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നീ കക്ഷികള്‍ ചേര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളും ശരദ് പവാറും അദ്ദേഹത്തിന്റെ വീട്ടില്‍ ചര്‍ച്ച നടത്തുന്നുണ്ട്.
അജിത് പവാര്‍ ശരദ് പവാറിനെ വഞ്ചിച്ചെന്ന് ശിവസേന വക്താവ് സജ്ഞയ് റാവത്ത് പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പ് എം എല്‍ എ സ്ഥാനം അജിത് പവാര്‍ രാജിവെച്ചപ്പോള്‍ തന്നെ സംശയമുണ്ടായിരുന്നു. ഇന്നലെ രാത്രിവരെ ഒപ്പമുണ്ടായിരുന്ന അജിത് പവാറിന്റ പെരുമാറ്റത്തില്‍ സംശയമുണ്ടായിരുന്നു. ശരദ് പവാറിന് ഇതില്‍ പങ്കില്ലെന്നും സജ്ഞയ് റാവത്ത് പറഞ്ഞു. ശിവസേന ശരദ് പവാറുമായി ബന്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന് ആവശ്യം സ്ഥിരതയുള്ള സര്‍ക്കാരാണെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം ഫട്നാവിസ് പ്രതികരിച്ചു. ജനങ്ങള്‍ വലിയ ഭൂരിപക്ഷം തന്ന് വിജയിപ്പിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ശിവസേന മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ചു. ഒടുവില്‍ രാഷ്ട്രപതി ഭരണത്തിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. മഹാരാഷ്ട്രയ്ക്ക് വേണ്ടത് സ്ഥിരതയുള്ള സര്‍ക്കാരാണ്, അല്ലാതെ കിച്ചഡി സര്‍ക്കാരല്ല- അദ്ദേഹം പറഞ്ഞു.