‘മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോയത് കേസ് ഒത്തുതീര്‍പ്പാക്കാന്‍’ കള്ളപ്പണക്കേസില്‍ ഒത്തുകളി; ഇതിനാണെങ്കില്‍ കെ.സുരേന്ദ്രനെ കൂടെ കൊണ്ട് പോവാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം:കൊടകര ബിജെപി കുഴല്‍പ്പണക്കേസില്‍ സര്‍ക്കാരും ബിജെപിയും ഒത്തുകളിക്കുകയാണെന്ന വാദം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കള്ളപ്പണക്കേസില്‍ സുരേന്ദ്രന് പങ്കുണ്ടെന്ന് പോലീസിന് അറിയാം. എന്നിട്ടും ചോദ്യം ചെയ്യല്‍ പോലും വൈകി. തെരഞ്ഞെടുപ്പിന് മുമ്പ് മുഴുവന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും ഒരു സ്വപഭാതത്തില്‍ പെട്ടെന്ന് അന്വേഷണം നിര്‍ത്തിയെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാന്‍ മൂന്ന് മാസം എടുത്തുവെന്നും വിഡി സതീശന് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണെന്നും ഇതിനാണെങ്കില്‍ കെ.സുരേന്ദ്രനെ കൂടെ കൊണ്ട് പോവാമായിരുന്നുവെന്നും വിഡി സതീശന് ആരോപിച്ചു. ഡല്‍ഹിയില്‍ കേരളത്തിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ച നടന്നിട്ടില്ല. കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും വിലപേശാനുമാണ് മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയത്. കോവിഡ് നിയന്ത്രണങ്ങളില്‍ ജനജീവിതം കൂടുതല്‍ ദുസഹമായിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായങ്ങളൊന്നും ഉണ്ടാവുന്നില്ല. കേസ് ഒതുക്കലിന്റെ തിരക്കിലാണ് സര്‍ക്കാരെന്നും വിഡി സതീശന് വിമര്‍ശിച്ചു.