കിണറുകളിൽ വിഷവാതകം വരുന്നതെങ്ങനെ, കുണ്ടറയിൽ ഉയർന്ന ആ പ്രത്യേക ശബ്ദത്തിന് പിന്നിൽ…
കൊല്ലം: ആഴമുള്ള കിണറുകൾ വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ വിഷവാതകം ശ്വസിച്ചുണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുന്നു. മുൻകരുതൽ സ്വീകരിക്കാത്തതും അപകട സാദ്ധ്യതയെ കുറിച്ചുള്ള അജ്ഞതയുമാണ് ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം. ഇന്നലെ കുണ്ടറ പെരുമ്പുഴയിലുണ്ടായ അപകടത്തിൽ നാല് തൊഴിലാളികളാണ് മരിച്ചത്.കയറും തൊട്ടിക്കും പകരം മോട്ടോറുകൾ ഉപയോഗിച്ച് തുടങ്ങിയതോടെയാണ് കിണറുകൾ വിഷവാതക കേന്ദ്രങ്ങളായത്. ദിവസവും വെള്ളം കോരുമ്പോൾ വായുസഞ്ചാരം ഉണ്ടാകും. തൊട്ടി മുകളിലേക്കും താഴേക്കും ചലിക്കുന്നതിനാൽ കിണറ്റിനുള്ളിൽ ഓക്സിജൻ സാന്നിദ്ധ്യവും ഉറപ്പാകും.എന്നാൽ യാതൊരു ചലനവുമില്ലാത്ത കിണറ്റിൽ വിഷവാതകം തങ്ങിനിൽക്കും. ഇതറിയാതെ കിണറ്റിലിറങ്ങുന്നവർ അപകടത്തിൽപ്പെടും. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തരം മോട്ടറുകൾ ഉപയോഗിക്കുന്ന കിണറുകളിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിദ്ധ്യത്തിന് സാദ്ധ്യതയേറെയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത്തരം കിണറുകളിൽ പ്രത്യേക സുരക്ഷാ സംവിധാനം ഇല്ലാതെ ഇറങ്ങരുത്. വിഷവാതകം ശ്വസിച്ച് കിണറ്റിൽ കുഴഞ്ഞുവീഴുന്നവർക്ക് നിശ്ചിത സമയത്തിനുള്ളിൽ ചികിത്സ നൽകിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം.ശ്രദ്ധിക്കേണ്ടത്
1. കടലാസോ മെഴുകുതിരിയോ കത്തിച്ച് കിണറ്റിലേക്ക് ഇറക്കണം2. തീ കെട്ടുപോയ ഭാഗം വരെയേ ഓക്സിജനുണ്ടാകൂ3. തീ കെടാതിരുന്നാൽ ഓക്സിജൻ സാന്നിദ്ധ്യം ഉറപ്പിക്കാം4. മണ്ണെണ്ണ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോട്ടോറുകളുള്ള കിണറുകളിൽ ശാസ്ത്രീയ സഹായം ഇല്ലാതെ ഇറങ്ങരുത്5. കിണറ്റിൽ ഇറങ്ങുമ്പോൾ വടം ഉപയോഗിക്കണം6. മുകളിലേക്ക് എളുപ്പത്തിൽ കയറ്റാൻ കഴിയുന്ന തരത്തിൽ കയർ ബന്ധിക്കണം7. ശ്വസനോപകരണങ്ങളുടെ സഹായത്തോടെ ഇറങ്ങുന്നത് ഉചിതം8. കിണറ്റിനുള്ളിൽ കുഴഞ്ഞുവീണാൽ മുകളിൽ നിന്ന് തുടർച്ചയായി വെള്ളം തളിച്ചുകൊടുത്ത് വായുസഞ്ചാരം കൂട്ടണം9. മരച്ചില്ലകൾ താഴേയ്ക്കും മുകളിലേക്കും ഇറക്കുന്നതും സഹായകരം10. കൂടുതൽ കാലം ഉപയോഗിക്കാതിരുന്ന കിണറുകളിൽ ഇറങ്ങുമ്പോൾ സമീപത്തെ അഗ്നിശമനസേനാ നിലയത്തിൽ അറിയിക്കണംകിണറുകളിൽ ഉണ്ടാകാനിടയുള്ള വാതകങ്ങൾ1. കാർബൺ മോണോക്സൈഡ്2. കാർബൺ ഡൈ ഓക്സൈഡ്കിണറ്റിൽ അസ്വാഭാവിക ശബ്ദംകുണ്ടറ: പെരുമ്പുഴയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ കിണറ്റിൽ നിന്ന് അസ്വാഭാവിക ശബ്ദം ഉയരുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഫയർഫോഴ്സിന്റെ നിർദ്ദേശപ്രകാരം കിണർ അടച്ചിട്ടു.നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തായാണ് കിണർ നിർമ്മിച്ചത്. വിഷവാതകം ഉണ്ടായ സ്ഥിതിക്ക് കിണർ മൂടാൻ നിർദ്ദേശം നൽകിയതായാണ് വിവരം. കിണറിന്റെ ഏറ്റവും അടിഭാഗത്ത് ചെളി കോരിമാറ്റുന്നതിനിടയിലാണ് അപകടം. മൺവെട്ടി കൊണ്ട് വെട്ടുന്നതിനിടയിൽ ഒരിടത്ത് വെട്ടിയപ്പോൾ പ്രത്യേക ശബ്ദത്തോടെ വെള്ളം പൊട്ടിയൊഴുകിയെത്തുകയായിരുന്നുവെന്നാണ് വിവരം. നിമിഷനേരംകൊണ്ടി കിണറ്റിൽ വെള്ളം ഉയർന്നു. വിഷവാതകം ശ്വസിച്ച് കിണറ്റിലുണ്ടായിരുന്നയാൾ ബോധരഹിതനായി. രക്ഷാപ്രവർത്തനത്തിനിറങ്ങിയ മറ്റ് മൂന്നുപേരും കുടുങ്ങിയതോടെയാണ് പുറത്തുണ്ടായിരുന്നവർ നിലവിളിച്ച് ആളെക്കൂട്ടിയതും ഫയർഫോഴ്സടക്കമെത്തിയതും.