കടം വീട്ടാൻ കിഡ്നി വിൽപ്പനയ്ക്ക് വെച്ച് ദമ്പതികൾ… വാങ്ങാമെന്ന് വാഗ്ദാനം ചെയ്തവര്‍ 40 ലക്ഷം തട്ടി
ഹൈദരാബാദ്: കിഡ്നി വിൽപ്പനയ്ക്ക് വെച്ച് കടം വീട്ടാൻ ശ്രമിച്ച ദമ്പതികൾക്ക് നഷ്ടപ്പെട്ടത് 40 ലക്ഷം രൂപ. ഹൈദരാബാദിലാണ് സംഭവം.
കടം വീട്ടാൻ വേണ്ടിയാണ് എം. വെങ്കടേഷും ലാവണ്യയും കിഡ്നി വിൽപ്പനയ്ക്ക് വെച്ചത്. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ, അവരെ പറ്റിച്ച് തട്ടിപ്പുകാർ കൊണ്ട് പോയത് ലക്ഷങ്ങളും.
ഹൈദരാബാദിലെ ഖൈറത്താബാദിൽ പലചരക്ക് കട നടത്തി വരികയായിരുന്നു ഇവർ. എന്നാൽ ലോക്ക് ഡൗൺ കാരണം കഴിഞ്ഞ കുറേ ദിവസങ്ങളായി കച്ചവടം നഷ്ടത്തിലായിരുന്നു. മാത്രമല്ല വീട് നിർമ്മാണത്തിനായി വാങ്ങിയ കടം വർധിച്ച് 1.5 കോടിയോളം രൂപ ആവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ലാവണ്യയും വെങ്കടേഷും കിഡ്നി ഓൺലൈനിൽ വിൽപ്പനയ്ക്ക് വെക്കുന്നതെന്ന് എ.സി.പി. കെ.വി.എം. പ്രസാദ് പറഞ്ഞു.
2021 മാർച്ചിലാണ് ഇവർ ഓൺലൈനിൽ പരസ്യം നൽകുന്നത്. പരസ്യം കണ്ട് ഒരു യു.കെ കമ്പനി എന്ന് അവകാശപ്പെട്ട് ചിലര്‍ ഇവരെ സമീപിക്കുകയായിരുന്നു. അഞ്ച് കോടി രൂപയായിരുന്നു കിഡ്നിക്ക് കമ്പനി വിലയിട്ടത്.
തുടർന്ന് രജിസ്ട്രേഷൻ ഫീസും മറ്റുമായി ദമ്പതികളിൽ നിന്ന് 40 ലക്ഷത്തോളം രൂപ ആവശ്യപ്പെടുകയായിരുന്നു. വിശ്വാസ്യതയ്ക്കായി ബംഗളൂരുവിലുള്ള തങ്ങളുടെ ഏജന്റിനെ കാണാനും കമ്പനി ആവശ്യപ്പെട്ടു. കൂടാതെ ആർ.ബി.ഐ. ലോഗോ അടങ്ങിയ വെബ് പേജും അവരുടേതാണെന്ന് വിശ്വസിപ്പിച്ച് അയച്ചു കൊടുത്തു. തുടർന്നാണ് ദമ്പതികൾ പണം കൈമാറിയത്. എന്നാൽ പിന്നീട് തങ്ങൾ പറ്റിക്കപ്പെട്ടു എന്ന് മനസ്സിലാകുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.