ഗണേശ് കുമാർ എം എൽ എയുടെ ഓഫീസിൽ ആക്രമണം, പാർട്ടി പ്രവർത്തകന് വെട്ടേറ്റു
കൊല്ലം: കെ ബി ഗണേശ് കുമാർ എം എൽ എയുടെ ഓഫീസില്‍ അക്രമം. പാർട്ടി പ്രവർത്തകന് വെട്ടേറ്റു. രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ ഓഫീസ് ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറി. ബിജു എന്നയാൾക്കാണ് വെട്ടേറ്റത്. ഇയാളെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ ആറുമണിയോടെ പ്രദേശവാസിയായ ഒരാളാണ് അക്രമം നടത്തിയത്. ഓഫീസിന്റെ വാതിലിൽ നില്‍ക്കുകയായിരുന്ന ബിജുവിനെ ഓടിയെത്തി വെട്ടുകയായിരുന്നു. ബിജുവിന് കൈയിലാണ് വെട്ടേറ്റത്. ഉടന്‍തന്നെ ഓഫീസില്‍ ഉണ്ടായിരുന്ന മറ്റ് ജീവനക്കാരും ബിജുവും നാട്ടുകാരും ചേര്‍ന്ന് അക്രമിയെ പിടികൂടി പൊലീസിന് കൈമാറി.അക്രമം നടത്തിയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് അറിയുന്നത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പത്തനാപുരം സി ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. സംഭവത്തിനുപിന്നിൽ രാഷ്ട്രീയകാരണങ്ങളില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.