യുവതി ശുചിമുറിയില്‍ പ്രസവിച്ചു ; പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം
തൃശ്ശൂര്‍: താലൂക്ക് ആശുപത്രിയില്‍ യുവതി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ ഗുരുതരമായ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. അണുബാധയെ തുടര്‍ന്ന് കുഞ്ഞിനെ ഐസിയുവിലാക്കി. താലൂക്ക് ആശുപത്രിയില്‍ ഞായറാഴ്ച നടന്ന സംഭവത്തില്‍ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം രംഗത്തു വന്നു. ഇക്കാര്യത്തില്‍ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
യുവതിയ്ക്ക് ആഗസ്റ്റ് 1 നായിരുന്നു പ്രസവഡേറ്റ്. എന്നാല്‍ അതിന് മുമ്പ് വേദന തുടങ്ങിയതിനാല്‍ ഞായറാഴ്ച കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അവധിദിനം ആയതിനാല്‍ ഡോക്ടര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഡോക്ടറെ വിളിച്ചപ്പോള്‍ പ്രാഥമിക പരിശോധനകള്‍ നഴ്സുമാര്‍ നടത്തട്ടെ എന്നായിരുന്നു മറുപടി. തുടര്‍ന്ന് വേണ്ട വിധം പരിചരണം കിട്ടിയില്ല എന്നാണ് കുടുംബത്തിന്റെ ആരോപണം.
വേദനയുമായി യുവതി എത്തിയിട്ടും നഴ്സുമാര്‍ നോക്കിയില്ല. ഇതൊക്കെ സ്വാഭാവികമാണെന്ന നിലയിലായിരുന്നു പ്രതികരണം. പിന്നീട് വേദന മാറാന്‍ ഇഞ്ചക്ഷന് നല്കി. ഇതോടെ വേദന കൂടിയെന്നും പിന്നീട് യുവതിയെ ഇതേ സാഹചര്യത്തില്‍ 100 മീറ്റര്‍ അകലെയുളള കോവിഡ് പരിശോധനാ കേന്ദ്രത്തിലേക്കും യുവതിയെ നടത്തിക്കെണ്ടുപോയെന്നും കുടുംബം ആരോപിക്കുന്നു.