ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം മാറ്റി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളര്‍ഷിപ്പ് അനുവദിക്കും.
ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേല്‍പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്നാണ് നേരത്തെ ഹൈക്കോടതി വിധിച്ചിരുന്നു. 80 ശതമാനം സ്കോളര്‍ഷിപ്പുകള്‍ മുസ്ലീംങ്ങള്‍ക്കും 20 ശതമാനം ക്രിസ്ത്യാനികള്‍ക്കും എന്ന രീതിയിലായിരുന്നു ഇതുവരെയും സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തിരുന്നത്. ഈ അനുപാതം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.
ന്യൂനപക്ഷ സമുദായാംഗങ്ങളായ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നതിനായി ഇറക്കിയ മൂന്ന് ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. ആദ്യം മുസ്ലിം വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു ഈ സ്കോളര്‍ഷിപ്പ് അനുവദിച്ചത്. പിന്നീട് ലത്തീന്‍ കത്തോലിക്ക വിഭാഗത്തെയും മറ്റു പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി 80:20 എന്ന അനുപാതം സ്വീകരിച്ചു.
മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, പാഴ്സി, ജൈന, ബുദ്ധ മതക്കാര്‍ എന്നിവരെയാണ് ന്യൂനപക്ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്കുള്ള മെറിറ്റ് സ്കോളര്‍ഷിപ്പില്‍ മുസ്ലിങ്ങളെയും ലത്തീന്‍ കത്തോലിക്ക പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളെയും മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഇത് വിവേചനമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് തുല്യമായി വിതരണം ചെയ്യാന്‍ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ന്യൂനപക്ഷ കമ്മിഷനുകള്‍ ഒരു സമുദായത്തിന് മാത്രം വേണ്ടിയുള്ളതല്ല. 2011-ലെ സെന്‍സസ് അനുസരിച്ച് നോക്കുമ്പോള്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ 45.27 ശതമാനമാണ്. ഇതില്‍ മുസ്ലിങ്ങള്‍ 58.67 ശതമാനം വരും. 40.6 ശതമാനമാണ് ക്രിസ്ത്യാനികള്‍. മറ്റുള്ളവര്‍ 0.73 ശതമാനവും. സ്കോളര്‍ഷിപ്പ് നല്കുന്നതില് വിവേചനമുണ്ടെന്നാരോപിച്ച് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ സര്‍ക്കാരിനും സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും പരാതിനല്‍കിയിരുന്നു. ഇതില്‍ ഒരു നടപടിയുമുണ്ടായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.