വയോധികയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി, മൂന്ന് ബാഗുകളിലാക്കി ഓടയില്‍ തള്ളി; അയല്‍ക്കാരായ
ദമ്പതിമാര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: വയോധികയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഓടയില്‍ തള്ളിയ കേസില്‍ അയല്‍ക്കാരായ ദമ്പതിമാര്‍ അറസ്റ്റില്‍. ഡല്‍ഹി ദ്വാരക സ്വദേശി കവിത(72)യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അയല്‍ക്കാരായ അനില്‍ ആര്യ, ഭാര്യ തനു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. കവിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലാക്കിയ ദമ്പതിമാര്‍, പിന്നീട് നജഫ്ഘട്ടിലെ ഓടയില്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു.
കവിതയില്‍നിന്ന് കടംവാങ്ങിയ ഒരുലക്ഷം രൂപ ഇവര്‍ തിരിച്ചുചോദിക്കാന്‍ തുടങ്ങിയതോടെയാണ് ദമ്പതിമാര്‍ കൊലപാതകം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് പണം നല്‍കാനെന്ന വ്യാജേന ജൂണ്‍ 30-ന് കവിതയുടെ വീട്ടിലെത്തി ഇവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മരിച്ചെന്ന് ഉറപ്പാക്കിയതോടെ കത്തി കൊണ്ട് മൃതദേഹം വെട്ടിനുറുക്കി മൂന്ന് ബാഗുകളിലാക്കി. ഇതുമായി വീട് വിട്ടിറങ്ങിയ പ്രതികള്‍ ഇത് നജഫ്ഘട്ടിലെ ഓടയില്‍ തള്ളുകയായിരുന്നു.
ജൂലായ് മൂന്നിനാണ് സംഭവത്തെക്കുറിച്ച് പോലീസിന് ആദ്യം വിവരം ലഭിക്കുന്നത്. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കവിതയെ കണ്ടില്ലെന്ന് പറഞ്ഞ് മരുമകളാണ് ആദ്യം പോലീസിനെ സമീപിച്ചത്. ഈ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെ അയല്‍ക്കാരായ ദമ്പതിമാരെ കാണാനില്ലെന്നും ഇവരെ സംശയമുണ്ടെന്നും മരുമകള്‍ പോലീസിനെ അറിയിച്ചു. ഇതോടെയാണ് അനിലിനെയും ഭാര്യയെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്.
ദമ്പതിമാരെ കണ്ടെത്താനായി ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളില്‍ പോലീസ് പരിശോധന നടത്തി. ഒടുവില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷനും മറ്റുവിവരങ്ങളും സംഘടിപ്പിച്ച് പുതുതായി താമസം ആരംഭിച്ച വാടകവീട്ടില്‍നിന്നാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ പ്രതികള്‍ കുറ്റംസമ്മതിക്കുകയായിരുന്നു. ഇവന്റ് മാനേജറായ അനില്‍ ലോക്ഡൗണ്‍ കാലത്താണ് ഒരുലക്ഷം രൂപ കവിതയില്‍നിന്ന് കടമായി വാങ്ങിയത്. അടുത്തിടെയായി കവിത ഇവരോട് പണം തിരികെനല്‍കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ടി.വി. സീരിയലാണ് ഇതിന് പ്രചോദനമായതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.