കേരളത്തിലെ പ്രമുഖ ഇടതുപക്ഷ സഹയാത്രികന് കൂടിയായ എം.ജി.രാധാകൃഷ്ണന് ഏഷ്യാനെറ്റിന്റെ പടി ഇറങ്ങുന്നു. കേരളത്തിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏഷ്യാനെറ്റിനെ പ്രിയങ്കരമാക്കിയത് അതിലെ എഴുത്തും വായനയും ചിന്തയും കൊണ്ട് സമൂഹത്തെ സ്വാധീനിച്ച പ്രമുഖരുടെ സാന്നിധ്യത്താലായിരുന്നുവെങ്കില് അവരുടെ അവസാനകണ്ണിയാണ് എം.ജി.ആര്. എന്ന മൂന്നക്ഷരത്തില്‍ അറിയപ്പെടുന്ന രാധാകൃഷ്ണന്റെ രാജിയിലൂടെ ഇല്ലാതാവുന്നത്. ഇനി “വെറും’ മാധ്യമപ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ് ന്യൂസിനെ നയിക്കും.
ചാനല്‍ ഉടമയായ രാജീവ് ചന്ദ്രശേഖറിന്റെ താല്പര്യപ്രകാരമുള്ള മാറ്റങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ഏതു ദിവസവും ഉണ്ടാകാമെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാതൃഭൂമി ദിനപത്രത്തിന്റെ പത്രാധിപര്‍ സ്ഥാനം കഴിഞ്ഞയാഴ്ച വിട്ട പ്രമുഖ പത്രപ്രവര്ത്തകന് മനോജ് കെ.ദാസ് ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ എഡിറ്ററായി ചുമതലയേല്‍ക്കുമെന്നും പറഞ്ഞിരുന്നു. ഇതോടെ ചാനലിന്റെ മുഖം അടിമുടി മാറാനുള്ള സാഹചര്യമൊരുങ്ങുന്നു എന്ന പ്രവചനം ശരിയാവുകയാണ്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററായ സിന്ധു സുര്യകുമാറിനെ ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി നിയമിച്ചതായാണ് വിവരം. ഗ്രൂപ്പ് എഡിറ്റര്‍ എന്ന നിലയില്‍ മനോജ് ദാസ് ഉണ്ടെങ്കിലും ടെലിവിഷന്‍ ന്യൂസിന്റെ ഇഫക്ടീവ് എഡിറ്ററായി പ്രവര്‍ത്തിക്കാനുള്ള തസ്്തികയായി എക്സിക്യൂട്ടീവ് എഡിറ്റര്‍ മാറും. അങ്ങിനെ വരുമ്പോള്‍, മലയാളത്തിലെ ഏതെങ്കിലും ദൃശ്യമാധ്യമത്തില്‍ ന്യൂസിന്റെ തലപ്പത്ത് ഇപ്പോൾ ഉള്ള ഏക വനിതയാകും സിന്ധു സൂര്യകുമാര്‍., ഏഷ്യാനെറ്റിന്റെ ചരിത്രത്തിൽ ആദ്യവും.
മനോജ് കെ.ദാസ് വരുന്നതോടെ ഏഷ്യാനെറ്റിന്റെ വാര്ത്താരൂപഭാവങ്ങളില് കൂടുതല്‍ വിപണനതാല്പര്യം മുന്‍നിര്‍ത്തിയുള്ള വിഭവങ്ങളും ഭാവങ്ങളും രാഷ്ട്രീയമായ അപഹാരങ്ങളും ഉണ്ടാകാമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. മാതൃഭൂമിയിലിരിക്കെ വാര്‍ത്തയെ കൂടുതല്‍ വിപണിസൗഹൃദമാക്കാനുള്ള ഒട്ടേറെ മാറ്റങ്ങള്‍ പത്രത്തിന്റെ രൂപഭാവങ്ങളില്‍ വരുത്തിയിരുന്ന ആളാണ് മനോജ് കെ.ദാസ്. വാര്‍ത്ത ഉല്പന്നമാണ് എന്ന രീതിയില്‍ സംഭവങ്ങളെയും അവതരണരീതികളെയും പരിഷ്കരിക്കാന്‍ മനോജ് ദാസ് ശ്രമിച്ചിരുന്നു. ദീര്‍ഘകാലം പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളില്‍ റസിഡണ്ട് എഡിറ്റര്‍ വരെയായി പ്രവര്‍ത്തിച്ച മനോജിന് ദൃശ്യമാധ്യമ രംഗത്ത് പക്ഷേ പരിചയം കുറവാണ്. എന്നാല്‍ ചാനലിന്റെ നേരെ തലപ്പത്ത് സിന്ധു സൂര്യകുമാര്‍ വരുന്നതോടെ ഈ പരിമിത പരിഹരിക്കപ്പെടുമെന്നാണ് ഉടമകള്‍ കണക്കുകൂട്ടുന്നതെന്ന് വ്യക്തം. വാര്‍ത്താ ആസൂത്രണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്കാന് മനോജിന് സാധിക്കും എന്നും കണക്കുകൂട്ടുന്നു. മാത്രമല്ല, നിലവില്‍ കേന്ദ്ര മന്ത്രിയായ രാജീവ ചന്ദ്രശേഖറിന്റെ പദ്ധതികള്‍ക്കനുസൃതമായി ചാനലിനെ നയിക്കാനുള്ള ദൗത്യവും ഉദ്ദേശിക്കപ്പെടുന്നുണ്ടാവണം.
ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ റെസിഡന്റ് എഡിറ്റര്‍ സ്ഥാനത്തുനിന്നാണ് അദേഹം 2019- ല്‍ മാതൃഭൂമിയില്‍ എത്തിയത്. കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെയും ഡെക്കാന്‍ ക്രോണിക്കിളിന്റെയും കേരളത്തിലെ സ്ഥാപക റെസിഡന്റ് എഡിറ്ററായിരുന്നു.
ചാനലിന്റെ എഡിറ്റര്‍ സ്ഥാനത്തു നിന്നും എം.ജി.രാധാകൃഷ്ണന് പോകുമ്പോള്‍ അവസാനിക്കുന്നത് ഏഷ്യാനെറ്റിലെ ഒരു പാരമ്പര്യം കൂടിയാണ്. പണ്ട് ആകാശവാണിയിലും ദൂരദര്‍ശനിലും എന്ന പോലെ ഇന്ത്യയിലെ ആദ്യ സ്വകാര്യചാനലായ ഏഷ്യാനെറ്റിലും മലയാളത്തിലെ പ്രമുഖ ബുദ്ധിജീവികളും ചിന്തകരും എഴുത്തുകാരും പത്രപ്രവര്‍ത്തകരായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് അത് വെറും ജേര്‍ണലിസം കരിയറായി സ്വീകരിച്ചവരുടെ മാത്രം താവളമായി മാറിമാറി വന്നു. മാധ്യമരംഗത്ത് മൊത്തത്തില്‍ ഉണ്ടായ മാറ്റത്തിന്റെ ഭാഗമായിരുന്നു അത്. പഴയ പിന്തുടര്ച്ചയുടെ ഒരു കണ്ണിയായിരുന്നു രാധാകൃഷ്ണന്. കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായ പി.ജി.ഗോവിന്ദപിള്ളയുടെ മകനായ രാധാകൃഷ്ണന് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനും ഇടതുപക്ഷ സഹയാത്രികനും ആയാണ് അറിയപ്പെടുന്നത്. ജേര്‍ണലിസത്തില്‍ മാത്രം ജീവിക്കുന്ന എഡിറ്ററുടെ കാലത്തിലേക്ക് ഏഷ്യാനെറ്റില്‍ ഒരു തലമുറമാറ്റം ഇതോടെ പൂര്‍ത്തിയാകുന്നു എന്ന് വിലയിരുത്തപ്പെടാം.