കടം തിരികെ ചോദിച്ച വയോധികയെ കൊന്നു, മൃതദേഹം മൂന്നായി മുറിച്ച് ബാഗുകളിലാക്കി ഓടയിലെറിഞ്ഞു, , ദമ്പതികള്‍ പിടിയില്‍
ന്യൂഡല്‍ഹി: മലയാളിയായ പിടികിട്ടാപ്പുള്ളി ഡോ. ഓമന കാല്‍നൂറ്റാണ്ട് മുമ്പ് കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്കെയ്സിലാക്കിയതിനു സമാനമായ സംഭവം രാജ്യതലസ്ഥാനത്ത്. അയല്‍ക്കാരിയായ വയോധികയെ കൊലപ്പെടുത്തിയശേഷം വെട്ടിനുറുക്കി ഓടയിലെറിഞ്ഞ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഡല്‍ഹി നജഫ്ഗഡ് സ്വദേശിയായ കവിത(72)യെ കൊലപ്പെടുത്തിയ കേസില്‍ അയല്‍ക്കാരനായ അനില്‍ ആര്യയും ഭാര്യയുമാണ് അറസ്റ്റിലായത്.
ഇവന്റ് മാനേജ്മെന്റ് ബിസിനസുകാരനായ അനില്‍ 1.5 ലക്ഷം രൂപ കവിതയോടു കടം വാങ്ങിയിരുന്നു. ഈ പണം തിരികെച്ചോദിച്ചതിനേത്തുടര്ന്നാണു കഴിഞ്ഞ 30-നു രാത്രി വയോധികയെ മര്‍ദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയത്.
തുടര്‍ന്ന് മൃതദേഹം മൂന്നായി മുറിച്ച് ബാഗുകളിലാക്കി ഓടയിലെറിഞ്ഞു. സംഭവദിവസം രാത്രി ഒന്പതുമുതല് പിറ്റേന്നു പുലര്‍ച്ചെ അഞ്ചുവരെ ദമ്പതികള്‍ കവിതയുടെ വീട്ടിലുണ്ടായിരുന്നെന്നു പോലീസ് പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങളടങ്ങിയ ബാഗുകളുമായി ഇരുവരും പുറത്തിറങ്ങിവരുന്ന സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. മൃതദേഹം വെട്ടിനുറുക്കിയശേഷം ചോര കഴുകിക്കളയുന്നതിനായാണു ദമ്പതികള്‍ രാത്രി മുഴുവന്‍ വയോധികയുടെ വീട്ടില്ത്തങ്ങിയത്.
മൃതദേഹാവശിഷ്ടങ്ങള്‍ ഓടയിലെറിയുന്നതിനു മുമ്പ് ഊരിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ പണയംവച്ച് 70,000 രൂപ കൈക്കലാക്കി. കവിതയെ കാണാനില്ലെന്നും വീട് പൂട്ടിക്കിടക്കുകയാണെന്നും പരാതിപ്പെട്ട് മരുമകളാണു കഴിഞ്ഞ മൂന്നിനു പോലീസിനെ സമീപിച്ചത്. സംശയാസ്പദമായ രീതിയില്‍ അയല്‍ക്കാരായ ദമ്പതികളെയും കാണാനില്ലെന്നു പിന്നീടു വ്യക്തമായി. ഉത്തര്‍പ്രദേശിലെ ബറേലിയില്നിന്നാണു പ്രതികളെ പിടികൂടിയത്. മൃതദേഹാവശിഷ്ടങ്ങള്‍ ഓടയില്‍നിന്നു കണ്ടെടുത്തു.