തെളിവ് തേടി ക്രൈംബ്രാഞ്ച്; കെ സുരേന്ദ്രന് എതിരായ തിരഞ്ഞെടുപ്പ് കോഴക്കേസിൽ തിരുവനന്തപുരത്തെ ഹോട്ടലിൽ തെളിവെടുപ്പ്
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും സി കെ ജാനുവിവിനുമെതിരായ തിരഞ്ഞെടുപ്പ് കോഴക്കേസിൽ തിരുവനന്തപുരത്ത് തെളിവെടുപ്പ്. സി കെ ജാനുവിന്റെ പാർട്ടിയായ ജെ ആർ പിയുടെ നേതാവ് പ്രകാശൻ മൊറാഴയെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ചാണ് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തുന്നത്.ജാനുവിന് ആദ്യ ഗഡുവായ പണം കൈമാറിയത് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണെന്നായിരുന്നു ജെ ആർ പി മുൻ നേതാവായിരുന്ന പ്രസീദയുടെ വെളിപ്പെടുത്തൽ. ഇതേതുടർന്നാണ് പ്രകാശൻ മൊറാഴയെ ഹോട്ടലിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തുന്നത്.പണം കൈമാറിയെന്ന് ആരോപണമുണ്ടായ ഹോം സ്റ്റേയിൽ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിരുന്നു. പ്രസീദ അഴീക്കോടുമായാണ് ഹോം സ്റ്റേയിൽ അന്വേഷണ സംഘം അന്ന് തെളിവെടുപ്പ് നടത്തിയത്. കെ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ 25 ലക്ഷം കൈമാറിയ സ്ഥലമെന്ന് സാക്ഷിമൊഴികളിലുള്ള ഹോം സ്റ്റേയിലായിരുന്നു അന്നത്തെ തെളിവെടുപ്പ്.