ഒളിച്ചോടിയ യുവതിക്ക് നൽകിയത് അതിക്രൂര ശിക്ഷ, ഉടുതുണിയില്ലാതെ ഭർത്താവിനെയും ചുമന്ന് നടന്നത് കിലോമീറ്ററുകൾ
ഗാന്ധിനഗർ: കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് ഭർത്താവും ബന്ധുക്കളും നൽകിയത് അതിക്രൂര ശിക്ഷ. മർദ്ദിച്ചവശയാക്കിയശേഷം വസ്ത്രങ്ങൾ ഉരിഞ്ഞെറിഞ്ഞ് നഗ്നയാക്കി. തുടർന്ന് ഭർത്താവിനെ ചുമലിലേറ്റി ഗ്രാമം ചുറ്റിക്കുകയും ചെയ്തു. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഈ മാസം ആദ്യമാണ് കൊടുംക്രൂരത നടന്നത്.സംഭവം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് യുവതി മറ്റൊരാളുമായി ഒളിച്ചോടിയത്. ഇതറിഞ്ഞ ഭർത്താവും ബന്ധുക്കളും മണിക്കൂറുകൾക്കകം യുവതിയെ പിടികൂടി ഗ്രാമത്തിലെത്തിച്ചു. തുടർന്നാണ് സ്ത്രീകൾ ഉൾപ്പെട്ട ബന്ധുക്കൾ ചേർന്ന് ശിക്ഷ നടപ്പാക്കിയത്. ഭർത്താവാണ് ഇതിന് നേതൃത്വം നൽകിയത്. കുട്ടികൾ ഉൾപ്പടെയുള്ളവരുടെ മുന്നിൽ വച്ചാണ് യുവതിയെ മർദ്ദിച്ചതും നഗ്നയാക്കിയതും. ചില സ്ത്രീകള്‍ യുവതിക്ക് ചുറ്റും നിന്ന് അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവും സംഘവും അവര്‍ക്കുനേരെയും അക്രമം നടത്തുകയായിരുന്നു.കേസെടുത്ത പൊലീസ് ഭർത്താവുൾപ്പടെ പതിനെട്ടുപേരെ അറസ്റ്റുചെയ്തു. സ്ത്രീയെ മർദ്ദിച്ചതിനും അപമാനിച്ചതിനും പുറമേ സംഭവത്തിന്റെ വീഡിയോ ഷൂട്ടുചെയ്ത് പ്രചരിപ്പിച്ചതിന് ഐ ടി നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ശേഷിക്കുന്ന പ്രതികൾക്കായി അന്വേഷണം തുടരുന്നു എന്നാണ് പൊലീസ് പറയുന്നത്.