നിയമസഭാ കയ്യാങ്കളിക്കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍; സര്‍ക്കാറിന് നിര്‍ണായകം
ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. കേസിലെ അപ്പീല്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആലോചന. മന്ത്രി വി ശിവന് കുട്ടി അടക്കമുള്ളവര്‍ പ്രതിസ്ഥാനത്തുള്ള കേസില്‍ പ്രതികൂല പരാമര്‍ശമുണ്ടായാല്‍ അത് സര്‍ക്കാറിന് തിരിച്ചടിയാകും. രാവിലെ പതിനൊന്ന് മണിക്കാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച വേളയില്‍ പ്രതികള്‍ കുറ്റവിചാരണ നേരിടണമെന്ന് ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢും എംആര്‍ ഷായും അടങ്ങുന്ന ബഞ്ച് പറഞ്ഞിരുന്നു. കോടതി കടുത്ത നിലപാടെടുത്ത സാഹചര്യത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. അപ്പീല്‍ പിന്‍വലിക്കുകയാണ് എങ്കില്‍ പ്രതികള്‍ക്ക് വിചാരണക്കോടതിയില്‍ വിചാരണ നേരിടേണ്ടി വരും.
2015 മാര്‍ച്ച് 13ന് ബാര്‍ കോഴ വിവാദം കത്തിനില്‍ക്കെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് നിയസമഭയില്‍ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എല്‍.എമാര്‍ അഴിഞ്ഞാടിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു. മന്ത്രി ശിവന്‍കുട്ടിക്ക് പുറമെ ഇ.പി. ജയരാജന്, കെ.ടി. ജലീല്‍, കെ. അജിത്ത് എന്നിവരടക്കമുള്ള എം.എല്‍.എമാര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചരുന്നെങ്കിലും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പിന്‍വലിക്കാന്‍ ശ്രമിക്കുകയായിരുന്നു.