20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തോണിക്കല്ല് പനങ്ങാട് റോഡിനായി നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
കാഞ്ഞങ്ങാട്: കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ 18 ആം വാർഡിൽ തോണിക്കല്ല് പനങ്ങാട് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യമുന്നയിച്ചു കൊണ്ട് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് . നിരവധി വർഷങ്ങളായി ഈ ആവശ്യമുന്നയിച്ചു ഭരണാധികാരികളെ ബന്ധപെടുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപികരിച്ചു പ്രക്ഷോഭത്തിനൊരുങ്ങുന്നത്. റോഡ് പഞ്ചായത്ത് അംഗീകരിച്ചു 20 വർഷം പിന്നിടുകയാണ്,എന്നാൽ തോണിക്കല്ല് റോഡിന് കുറുകെ കടന്നുപോകുന്ന തോട് മഴക്കാലമായാൽ കവുങ്ങിൻ പാലത്തിലൂടെ പോലും നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്. കർഷകരും എസ് ടി.കോളനിയടക്കം നിരവധി സാധാരണക്കാർ താമസിക്കുന്ന ഈ പ്രദേശവും വികസനത്തിന് വേണ്ടി അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുവാൻ നാട്ടുകാരെല്ലാം ഒറ്റകെട്ടായി ആക്ഷൻ കമ്മിറ്റിയോട് സഹകരിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. യോഗത്തിൽ 18 വാർഡ് മെമ്പർ ജ്യോതി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സുകുമാരൻ കാലിക്കടവ്, പ്രേംരാജ് കാലിക്കടവ്, ജയകുമാർ കാലിക്കടവ്, റോയി ജോസഫ് , രാജു കുട്ടംകുഴി,പ്രഭാകരൻ തോണിക്കല്ല് , ബാലൻ പനങ്ങാട്, ടി കെ. ബാലകൃഷ്ണൻ തോണിക്കല്ല് എന്നിവർ നേതൃത്വം നൽകുന്ന ആക്ഷൻ കമ്മിറ്റിക് രൂപം നൽകി. തോണിക്കല്ല് റോഡിന് പാലം നൽകണമെന്ന ആവശ്യം ഉയർത്തി കൊണ്ട് വരും ദിവസങ്ങളിൽ ഭരണാധികാരികൾക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകുകയും അതിൽ നടപടിയുണ്ടാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ആക്ഷൻ കമ്മിറ്റി അറിയിച്ചു.