തമിഴ്നാട്ടില്‍ ക്ഷേത്രക്കുളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അമ്മയും മകളും ഉള്‍പ്പെടെ അഞ്ചുപേര്‍ മുങ്ങി മരിച്ചു
തിരുവള്ളൂര്‍ (തമിഴ്നാട്): ക്ഷേത്രക്കുളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അമ്മയും മകളും ഉള്‍പ്പെടെ അഞ്ചുപേര്‍ മുങ്ങി മരിച്ചു. കുട്ടിയും രക്ഷപ്പെടുത്താന്‍ ശ്രമിച്ച നാലുപേരുമാണ് മരിച്ചത്.
തിരുവള്ളൂര്‍ ജില്ലയിലെ പുതു ഗുമ്മിഡിപ്പൂണ്ടിയിലാണ് ദുരന്തമുണ്ടായത്. അലക്കാനും കുളിക്കാനുമായി അങ്കലമ്മന്‍ ക്ഷേത്രക്കുളത്തിലെത്തിയ അഞ്ച് പേരാണ് മരിച്ചത്. നര്‍മദ (14) എന്ന പെണ്‍കുട്ടി മുങ്ങിപ്പോകുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയതാണ് മറ്റുള്ളവര്‍.
നര്‍മദയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ജീവിതയും അശ്വതയും അശ്വതയുടെ അമ്മ സുമതിയും ജ്യോതി എന്ന മറ്റൊരാളുമാണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന അശ്വതയുടെ സഹോദരന് നാട്ടുകാരെ വിളിച്ചുകൂട്ടിയെങ്കിലും ആരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.