മുഖ്യമന്ത്രി ഇടപെട്ടു; സമരത്തില്‍നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പിന്മാറി;വെള്ളിയാഴ്ച ചര്‍ച്ച നടത്തും
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു. സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ നിന്ന് മുഖ്യമന്ത്രി നേരിട്ട് വിളിച്ചു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ചു, വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിയ ഉടന്‍ ചര്‍ച്ച നടത്താമെന്നും അതുവരെ സമരം നടത്തരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ലോക്ഡൗണ്‍ അനിശ്ചിതമായി നീണ്ടുപോവുന്നതിലും വ്യാപാരികള്‍ക്ക് സഹായം ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് കടതുറന്നിട്ട് സമരം ചെയ്യുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്.
എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കുക എന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്.സര്‍ക്കാര്‍ തീരുമാനം അനുസരിച്ചില്ലെങ്കില്‍ സമരത്തെ നേരിടുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ കടകള്‍ തുറക്കുകയെന്ന തീരുമാനവുമായി മുന്നോട്ട് പോവാന്‍ തന്നെ വ്യാപാരികള്‍ തീരുമാനിച്ചതോടെയാണ് അടിയന്തര ചര്‍ച്ച നടന്നത്. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടു. പിന്നാലെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്.