കൊല്ലം : കെ.ഭാഗീരഥി അമ്മ 105 ആം വയസ്സില്‍ നാലാംതരം തുല്യതാ പരീക്ഷയെഴുതി. സാക്ഷരതാ മിഷന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പഠിതാവാണ് പ്രാക്കുളം നന്ദധാമില്‍ കെ.ഭാഗീരഥി അമ്മ.
ഒന്‍പതാം വയസ്സില്‍ പഠനം നിര്‍ത്തിയതായാണ് ഭാഗീരഥി അമ്മയുടെ ഓര്‍മ്മ. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ അക്ഷരങ്ങളുമായുള്ള ബന്ധവും കുറഞ്ഞു. സമ്ബൂര്‍ണ സാക്ഷരതായജ്ഞത്തില്‍ വീണ്ടും അക്ഷരങ്ങള്‍ പഠിക്കാന്‍ തുടങ്ങി. സാക്ഷതാ പ്രേരക് എസ്.എന്‍.ഷേര്‍ലിയുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ വീണ്ടും അക്ഷരലോകത്തേക്കിറങ്ങി. ഇപ്പോള്‍ നാലാംതരം തുല്യതാ പരീക്ഷയും എഴുതി. മകള്‍ തങ്കമണിയുടെ ശ്രദ്ധയും അമ്മയുടെ പഠനത്തിന് പ്രോത്സാഹനമായി.
തൃക്കരുവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രശേഖരന് പിള്ളയാണ് ചോദ്യപേപ്പര്‍ നല്കി പരീക്ഷക്കിരുത്തിയത്. നാലു പെണ്മക്കളും രണ്ട് ആണ്മക്കളും പതിനാറ് ചെറുമക്കളും അവരുടെ കുട്ടികളും ഉള്‍പ്പെടുന്ന വലിയൊരു കുടുംബത്തിന്റെ മുത്തശ്ശിയാണ് ഭാഗീരഥി അമ്മ.