ബള്‍ബില്‍ ഒളിപ്പിച്ച് ട്രെയിനി ഡോക്ടറുടെ കിടപ്പുമുറിയിലും കുളിമുറിയിലും രഹസ്യക്യാമറ; നാഡീരോഗ വിദഗ്ധന്‍ പിടിയില്‍
ട്രെയിനി ഡോക്ടറുടെ കിടപ്പുമുറിയിലും കുളിമുറിയിലും രഹസ്യക്യാമറ ഘടിപ്പിച്ച നാഡീരോഗ വിദഗ്ധന്‍ പിടിയില്‍. മഹാരാഷ്ട്രയിലെ പൂനെയിലെ പ്രമുഖ മെഡിക്കല്‍ കോളേജിലെ നാല്‍പ്പത്തിരണ്ടുകാരനായ നാഡീരോഗ വിദഗ്ധനാണ് പിടിയിലായത്. മെഡിക്കല്‍ കോളേജിലെ നാഡിരോഗ വിദഗ്ധനും ലെക്ചറുമാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ചയാണ് കുളിമുറിയിലെ അസ്വാഭാവിക വെളിച്ചം ട്രെയിനി ഡോക്ടറായ യുവതി ശ്രദ്ധിക്കുന്നത്.
റൂമിലെ ബള്‍ബ് തെളിയാതിരുന്നിട്ടും മുറിയില്‍ ചെറിയ രീതിയില്‍ പ്രകാശം കണ്ടെത്തിയതിനേത്തുടര്‍ന്നാണ് യുവതിക്ക് സംശയം തോന്നിയത്. ഇലക്ട്രീഷ്യനെ വിളിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ കിടപ്പുമുറിയിലും കുളിമുറിയിലും രഹസ്യ ക്യാമറകള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് യുവ ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസിന്റെ വിശദമായ അന്വേഷണത്തിലാണ് മെഡിക്കല്‍ കോളേജിലെ നാഡീരോഗ വിദഗ്ധനായ 42കാരന് പിടിയിലായത്.
ബള്‍ബിനുള്ളിലായിരുന്നു ഒളിക്യാമറ ഘടിപ്പിച്ചിരുന്നത്. സമീപത്തെ സിസി ടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് മുതിര്‍ന്ന് ഡോക്ടര്‍ പിടിയിലായത്. സ്വന്തമായി ക്ലിനിക്കും നിരവധി ആശുപത്രികളിലെ കണ്‍സള്‍ട്ടന്റ് കൂടിയാണ് അറസ്റ്റിലായ നാഡീരോഗ വിദഗ്ധന്‍. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.