ഷൂട്ടിങ്ങിന് അനുമതിയില്ലാത്തതിനാൽ സിനിമ നിർമാണവും അന്യസംസ്ഥാനങ്ങളിലേക്ക്, മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി സംഘടനകൾ
കൊച്ചി: സിനിമാ ചിത്രീകരണത്തിന് കേരളത്തില്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ ചലച്ചിത്ര സംഘടനകള്‍ രംഗത്ത്. ഈ സാഹചര്യം തുടര്‍ന്നാല്‍ കേരളത്തിൽ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന സിനിമാതൊഴിലാളികള്‍ പട്ടിണിയിലാകുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
സീരിയല്‍ മേഖലയിലുള്ളവര്‍ക്ക് വാക്സിന് എടുത്തതിന് ശേഷം പ്രോട്ടോക്കോള്‍ പ്രകാരം നിശ്ചിത ആളുകളെ വച്ച് ചിത്രീകരണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഇത് സിനിമയ്ക്കും ബാധകമാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ കേരളത്തിലെ ടെക്നീഷ്യന്മാര്ക്ക് ജോലി കൊടുക്കാന്‍ സാധിക്കുകയില്ല. .
സര്‍ക്കാര്‍ ഇടപ്പെട്ടില്ലെങ്കില്‍ കേരളത്തിലെ ചലച്ചിത്ര വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക് പോകുമെന്നും ഇവര്‍ പറയുന്നു
ഫെഫ്ക അടക്കമുള്ള സംഘടനകള്‍ കേരളത്തില്‍ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അവര്‍ പറയുന്നു. നിര്‍മാതാക്കളും ഇതേ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.
കേരളത്തില്‍ അനുമതിയില്ലാത്തതിനാല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി അടക്കം ഏഴ് സിനിമകളുടെ ചിത്രീകരണം മറ്റു സംസ്ഥാനങ്ങളില്‍ വച്ചാണ് നടക്കുന്നത്. ബ്രോ ഡാഡി കേരളത്തില്‍ ചിത്രീകരിക്കേണ്ട ചിത്രമായിരുന്നു. കേരളത്തില്‍ അനുമതി ലഭിക്കാത്തതിനാലാണ് ഹൈദരാബാദിലേക്ക് പോകുന്നത്.
നിശ്ചിതയാളുകളെ വച്ച് ഇന്‍ഡോറില്‍ ചിത്രീകരിക്കാനെങ്കിലും അനുമതി ലഭിച്ചിരുന്നുവെങ്കില്‍ ഈ സാഹചര്യം ഉണ്ടാകുമായിരുന്നില്ല.