സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന്റെ മുഖ്യസ്ഥാനത്ത് നിന്നും അപ്രധാന തസ്തികയിലേക്ക്; ഡോക്ടർ മുഹമ്മദ് അഷീലിന് പയ്യന്നൂർ ആശുപത്രിയിലേക്ക് മാറ്റം
കണ്ണൂർ: സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്ത് നിന്നും മാറിയ ഡോ. മുഹമ്മദ് അഷീലിനെ അപ്രധാന തസ്തികയിലേക്ക് മാറ്റി നിയമിച്ചു. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കൽ ഓഫീസറായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.മാതൃവകുപ്പിലേക്ക് മടങ്ങാനുളള അഷീലിന്റെ അപേക്ഷ അംഗീകരിച്ച വകുപ്പ് അദ്ദേഹത്തെ ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ തസ്തികയിൽ ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചു. ഇതിന് പിന്നാലെയാണ് പയ്യന്നൂർ ആശുപത്രിയിലേക്ക് അദ്ദേഹത്തെ നിയമിച്ചത്. അതേസമയം സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങളാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കൊവിഡ് പ്രതിരോധത്തിന് മുൻ നിരയിൽ നിന്ന് നയിച്ച ആളുകളിലൊരാളാണ് ഡോ. മുഹമ്മദ് അഷീൽ. കെ.കെ ശൈലജയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിന് സൽപേര് ലഭിച്ചതിന് പിന്നിലെ മുഖ്യപങ്കുവഹിച്ചവരിൽ ഒരാൾ. ആരോഗ്യ വരുപ്പിന് വേണ്ടി പലപ്പോഴും ശക്തമായി വാദിക്കുന്നതിന് മുന്നിലുണ്ടായിരുന്ന അഷീലിനെയും അന്ന് ആരോഗ്യമന്ത്രിയുമായി നല്ല ബന്ധമുണ്ടായിരുന്ന ജെൻഡർ പാർക്ക് സിഇഒ മുഹമ്മദ് സുനീഷിനെയും ഇപ്പോൾ തൽസ്ഥാനത്ത് നിന്നും മാറ്റി. അംഗൻവാടി ക്ഷേമനിധി ബോർഡിലേക്കാണ് മുഹമ്മദ് സുനീഷിനെ മാറ്റിയത്.