വിദേശത്തുനിന്ന് വന്ന യുവതി ഉഡുപ്പിയിലെ ഫ്ളാറ്റിനകത്ത് കഴുത്തില്‍ മുറിവേറ്റ് മരിച്ചനിലയില്‍;അണിഞ്ഞിരുന്ന ആഭരണങ്ങള്‍ കാണാനില്ല
മംഗളൂരു: ഉഡുപ്പിയിലെ ഫ്ളാറ്റിനകത്ത് യുവതിയെ കഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഗംഗോളി സ്വദേശിയായ വിശാല ഗനിഗ(35)യുടെ മൃതദേഹമാണ് ബ്രഹ്മാവര്‍ ഉപ്പിനാക്കോട്ടെ ഫ്ളാറ്റില്‍ കണ്ടെത്തിയത്. ഇവര്‍ അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിദേശത്തുനിന്നെത്തിയ വിശാല അച്ഛനൊപ്പം ഉഡുപ്പി ബ്രഹ്മാവറിലെ ഫ്ളാറ്റിലെത്തിയതാണ്. ബാങ്കില്‍ പോകണമെന്നു പറഞ്ഞ് ഇവര്‍ ഫ്ളാറ്റില്‍ തങ്ങുകയും അച്ഛന് ഗംഗോളിയിലേക്ക് മടങ്ങുകയും ചെയ്തു. അടുത്ത ദിവസവും വിശാലയെ കാണാഞ്ഞതിനെത്തുടര്‍ന്ന് ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. തുടര്‍ന്ന് അച്ഛന് തിങ്കളാഴ്ച വൈകുന്നേരം ഫ്ളാറ്റിലെത്തിയപ്പോഴാണ് മകളുടെ മൃതദേഹം കണ്ടത്.
ഉഡുപ്പി എസ്.പി. എന്‍.വിഷ്ണുവര്ധന്, ഡി.എസ്.പി. കുമാരചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഫ്ളാറ്റിലെത്തി അന്വേഷണം നടത്തി. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന് നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.
മൃതദേഹം കിടന്ന മുറിയിലെ മേശയില്‍ രണ്ട് കാപ്പിക്കപ്പുകള്‍ കണ്ടതിനാല്‍ വിശാലയ്ക്ക് പരിചയമുള്ള ആരോ ഫ്ളാറ്റില്‍ വന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇവരുടെ ഫോണ്‍ കോളുകളും പരിശോധിച്ചുവരികയാണ്.