സ്ത്രീധനം നീതികേട് നാടിന് നാണക്കേട്: ഗവര്‍ണര്‍;സ്ത്രീധനത്തിനും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ ഗവര്‍ണര്‍ ഉപവാസ സമരം തുടങ്ങി
തിരുവനന്തപുരം:സ്ത്രീപീഡന വാര്‍ത്തകള്‍ നാടിന് നാണക്കേടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നീതികേടാണ്. ദൈവത്തിന്റെ സ്വന്തം നാടാകാന്‍ സ്ത്രീധന വിപത്ത് ഒഴിവാക്കണം. പൊലീസിന്റെ ബോധവല്കരണ ക്യാംപയിന് ഉദ്ഘാടനത്തിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
ഇതിനിടെ, സ്ത്രീധനത്തിനും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ ഗവര്‍ണര്‍ ഉപവാസ സമരവും തുടങ്ങി. ഗാന്ധി സ്മാരക നിധി സംഘടിപ്പിക്കുന്ന ഉപവാസത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ ഉപവാസമിരിക്കുന്നത്. ഗാന്ധി സ്മാരക നിധി പ്രവര്‍ത്തകരും തൈക്കാട്ടെ ഓഫീസിനു മുന്നില്‍ ഉപവാസം തുടങ്ങി. വൈകിട്ട് നാലരയ്ക്ക് തൈക്കാട്ടെ ഉപവാസ വേദിയില്‍ ഗവര്‍ണറും എത്തിച്ചേരും.
സംസ്ഥാനത്തിന്റെ ഭരണതലവനായ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ സമരമിരിക്കുന്ന അസാധാരണ സാഹചര്യമാണ് കേരളത്തിലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്. സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തില്‍ പ്രതിഷേധിച്ചാണ് ഗവര്‍ണറുടെ സമരം. സര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണുതുറക്കണം. ഗവര്‍ണര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ ന്യായമാണെന്നും സുധാകരന് പറഞ്ഞു. മോദിയും പിണറായിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും അതിന്റെ തെളിവാണ് ലാവ്ലിന് കേസ് പരിഗണിക്കാത്തതെന്നും സുധാകരന് ആരോപിച്ചു.