വിധിയെ സ്വപ്രയത്നം കൊണ്ട് മറികടന്ന ജയചന്ദ്രന് മാഷെ കുറിച്ച് സുകുമാരന് പെരിയച്ചുര്
കാസർകോട് :ഇത് ജയചന്ദ്രൻ.എനിക്ക് ജയചന്ദ്രനോട് ആരാധനയാണ്.കാരണം ഞാൻ കൈരളി ബുക്സിന്റേയും അകം മാസികയുടേയും എഡിറ്റർ ആയി ജോയിൻ ചെയ്തിട്ട് ഒരു വർഷം തികയുന്ന മാസമാണ് ഈ ജൂലൈ മാസം.ഈ ഒരു വർഷത്തിനുള്ളിൽ ഓൺലൈൻ വഴി ജയചന്ദ്രൻ കൈരളി ബുക്സിൽ നിന്നും നിരന്തരം പുസ്തകം വാങ്ങിക്കുമ്പോൾ ഞാൻ അഭിമാനം കൊണ്ടു.ഇത്തരം വായനക്കാരാണ് മികച്ച സാമൂഹ്യ പ്രവവർത്തരാവുക. അത് ശരിയാണ്.കാസർകോഡ് ജില്ലയിലെ കുറ്റിക്കോൽ മീയ്യങ്ങാനം സ്വദേശിയായ ജയചന്ദ്രനെ പരിചയപ്പെട്ട നാൾ മുതൽ എനിക്കറിയാം മികച്ച വായനക്കാരനാണ്.ചിന്തകനാണ്.സാമൂഹ്യപ്രവർത്തകനാണ്.ഭാരതീയ വിദ്യാനികേതൻ,സക്ഷമ എന്നീ സംഘടനകളുടെ നേതൃത്വനിരയിലുളള മാതൃകാ വ്യക്തിത്വമാണ്.
എന്നെ അത്ഭുതപ്പെടുത്തിയത് ഇന്നത്തെ മാതൃഭൂമി വാർത്ത യാണ്.ജന്മനാ എൺപത് ശതമാനം അന്ധതയുളള മനുഷ്യനാണ് ഇദ്ദേഹം എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഈ വാർത്ത വായിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പരിമിതികളെക്കുറിച്ച് അറിയുന്നത്.ആ ഇരുപത് ശതമാനം കാഴ്ച ശക്തി കൊണ്ട് വിജയം കീഴടക്കിയ ഈ കർമ്മയോഗി പേരു പോലെ ജയചന്ദ്രൻ തന്നെ.
കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ സീനിയർ ക്ളാർക്ക് ആയി ജോലി ചെയ്യുന്ന ജയചന്ദ്രൻ താൻ സ്വപ്നം കണ്ട ജോലി, അദ്ധ്യാപക ജോലി ലഭിച്ച സന്തോഷത്തിലാണ്.ജില്ലാകോടതിയിൽ പ്രോസസ് സെർവറായ ഭാര്യ സ്മിതയും, മക്കളായ അഭിനന്ദ്,അനവദ്യ എന്നിവരും ഏറെ സന്തോഷത്തിലാണ്.
ജയചന്ദ്രൻ ഒരു പ്രചോദനമാണ് എല്ലാവർക്കും.നിശ്ചയ ദാർഢ്യമുളള ജയചന്ദ്രന്റെ ജീവിതമാണ് ഏറ്റവും നല്ല പാഠപുസ്തകം. കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഞാൻ കൊട്ടോടി ഗവ ഹയർ സെക്കൻഡറി സ്കൂൾ ആവശ്യത്തിന് പോകുമ്പോൾ എഴുന്നേറ്റു നിന്നു അഭിവാദ്യം ചെയ്യുന്ന ഒരു ക്ളാർക്ക്.അതായിരുന്നു ജയചന്ദ്രൻ.വിനയമാണ് വിജയമുദ്ര എന്ന് നമ്മെ പഠിപ്പിക്കുന്ന ജയചന്ദ്രൻ … ജയചന്ദ്രൻ മാഷാകുന്നു.. ഇത്തരം അദ്ധ്യാപകരാണ് നാടിന്റെ മഹാ ഭാഗ്യം. ജയചന്ദ്രൻ മാസ്റ്റർക്ക് സപര്യ സാംസ്കാരിക സമിതിയുടെ അഭിനന്ദനങ്ങൾ.
സുകുമാരൻ പെരിയച്ചൂർ