‘ജുമാ നമസ്കാരത്തിന് 40 പേര്‍ക്കെങ്കിലും അനുമതി വേണം’, സമസ്ത പ്രത്യക്ഷസമരത്തിന്
മലപ്പുറം: വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ചുരുങ്ങിയത് 40 പേരെ അനുവദിച്ചേ തീരൂ എന്ന ആവശ്യവുമായി സമസ്ത പ്രത്യക്ഷസമരത്തിലേക്ക്. ഇക്കാര്യം ആവശ്യപ്പെട്ട് വ്യാഴാഴ്ച സെക്രട്ടറിയറ്റിനു മുന്നിലും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു മുന്നിലും പ്രതിഷേധ ധര്‍ണ നടത്തുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. സംസ്ഥാനവ്യാപകമായിട്ടാകും പ്രതിഷേധസമരം. സമരത്തിലേക്ക് തള്ളിവിടാതെ സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കണമെന്നും മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. വിശ്വാസികളുടെ ക്ഷമ സര്‍ക്കാര്‍ ദൗര്‍ബ്ബല്യമായി കാണരുതെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു
വെളളിയാഴ്ചയിലെ ജുമുഅ നമസ്കാരങ്ങള്‍ക്കും ബലിപെരുന്നാള്‍ നമസ്കാരത്തിനും അനുമതി വേണമെന്നാവശ്യപ്പെട്ട് നേരത്തേ സുന്നി നേതാവായ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് രംഗത്ത് വന്നിരുന്നു. സര്‍ക്കാരിനോടുന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ഇകെ സുന്നിവിഭാഗം ഇന്ന് മലപ്പുറത്ത് യോഗം ചേര്‍ന്നിരുന്നു. സമസ്തയുടെ മുതിര്‍ന്ന നേതാക്കളും പോഷകസംഘടനാ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരവും ബുധനാഴ്ചയിലെ പെരുന്നാള്‍ നമസ്കാരവും അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ജൂലൈ 21 നാണ് കേരളത്തില്‍ ബലിപെരുന്നാളാഘോഷിക്കുന്നത്. കേരളത്തിലെ രണ്ട് പ്രബലമുസ്ലിംസംഘടനകള്‍ തന്നെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നത് ലോക്ക്ഡൗണിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ സര്‍ക്കാരിന് പുതിയ തലവേദനയാകുകയാണ്.