പഴനി കൂട്ടബലാത്സംഗം കെട്ടിച്ചമച്ച കഥയോ? പരാതിക്കാരിയുടെ കൂടെയുണ്ടായിരുന്നയാൾ പൊലീസെന്ന് പറഞ്ഞ് പണം ചോദിച്ച് വിളിച്ചെന്ന് ലോഡ്ജുടമ
പഴനി: പഴനി കൂട്ട ബലാത്സംഗ കേസ് വ്യാജമെന്ന് സൂചന. പരാതിക്കാരിക്ക് പരിക്കുകളില്ലെന്ന പ്രാഥമിക മെഡിക്കൽ റിപ്പോർട്ട് പൊലീസിന് ലഭിച്ചു. തന്റെ സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരിക്കേൽപ്പിച്ചെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാൽ പ്രാഥമിക പരിശോധനയിൽ പരിക്കുകളൊന്നും കണ്ടെത്താനായില്ല.തലശ്ശേരിയിൽ നിന്ന് പഴനിയിലേക്ക് പോയ സേലം സ്വദേശിനിയാണ് പരാതിക്കാരി. ഈ സ്ത്രീയുടെ കൂടെയുണ്ടായിരുന്നയാളാണ് തലശ്ശേരിയിലെ പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പഴനിയിലെ ലോഡ്ജുടമയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതെന്ന് തമിഴ്നാട് പൊലീസ് കണ്ടെത്തി.ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളും പണവുമായി തലശ്ശേരിയിൽ വരണമെന്നായിരുന്നു ഇയാളുടെ ഭീഷണി.വ്യാജ പരാതി ഉന്നയിച്ച് പണം തട്ടുകയായിരുന്നോ ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് സംശയിക്കുന്നു. അമ്മയും മകനുമെന്ന പേരിലാണ് ഇവർ റൂമെടുത്തതെന്ന് ലോഡ്ജ് ഉടമ പറഞ്ഞു. ജൂൺ 19നായിരുന്നു ഇവർ ആദ്യം ഇവിടെയെത്തിയത്. അന്ന് ഇരുവരും മദ്യപിച്ച് ബഹളമുണ്ടാക്കി. പിറ്റേന്ന് ഹോട്ടലിൽ നൽകിയ ആധാർ കാർഡ് തിരികെ വാങ്ങാതെ ഇവർ പുറത്തുപോയി, അഞ്ച് ദിവസങ്ങൾക്ക് ശേഷം തിരികെവന്ന് ആധാർ വാങ്ങിയെന്നും ലോഡ്ജുടമ പറഞ്ഞു.