രാത്രി വെടിയൊച്ച, പിന്നാലെ വനംവകുപ്പ് റെയ്ഡ്; കാട്ടുപോത്തിനെ കൊന്ന് വീതം വയ്പിനിടെ പിടിവീണു
മാനന്തവാടി: കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒരാളെ വനംവകുപ്പ് പിടികൂടി. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി തിരുവങ്ങാട് മൊയ്തീന് (46) ആണ് പിടിയിലായത്. ആറംഗസംഘം പോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധനാ സംഘം ഇവിടെയെത്തിയത്. ഒരാളെ മാത്രമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പിടികൂടാനായുള്ളു. ഓടി രക്ഷപ്പെട്ട ബാക്കിയുള്ളവര്‍ക്കായുള്ള അന്വേഷണം നടക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി ബാവലി അമ്പത്തിയെട്ടാംമൈല്‍ വനത്തിലായിരുന്നു സംഭവം. വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നുവെന്നാണ് വനംവകുപ്പ് പറയുന്നത്. സംഭവസ്ഥലത്ത് നിന്ന് മൂന്നു കത്തികള്‍, വെടിയുണ്ട, ബാഗ്, തുണികള്‍, ചാക്ക് എന്നിവ കണ്ടെടുത്തു. ഏകദേശം എട്ട് വയസുള്ള കാട്ട്പോത്താണ് വേട്ടയാടപ്പെട്ടത്. ഇതിന്റെ ജഡം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം വനത്തിലുപേക്ഷിച്ചു. ബാവലി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.