ശുചിമുറിയില്ല, കുടിവെള്ളമില്ല…. കിറ്റെക്സിനെതിരെ തൊഴില്‍വകുപ്പിന്റെ റിപ്പോര്‍ട്ട്; തെളിയിക്കാന്‍ സാബുവിന്റെ വെല്ലുവിളി
കൊച്ചി: കിറ്റെക്സ് കമ്പനിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി തൊഴില്‍ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കമ്പനിയില്‍ ജീവനക്കാര്‍ക്ക് ആവശ്യത്തിന് ശുചിമുറിയില്ല, പര്യാപ്തമായ കുടിവെള്ള സൗകര്യമില്ല. ഇതര സംസ്ഥാന തൊഴിലാളികളെയാണ് കൂടുതലായും തൊഴിലിടത്ത് നിയമിച്ചിരിക്കുന്നത്. ഇവര്‍ക്ക് മിനിമം വേജസ് നടപ്പാക്കുന്നില്ല. അവധിദിനങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന ഇവര്‍ക്ക് അധിക വേതനം നല്‍കുന്നില്ല എന്നിങ്ങനെ പോകുന്ന കിറ്റെക്സിനെതിരായ കണ്ടെത്തലുകള്‍.
കമ്പനിയില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ എണ്ണം രജിസ്റ്ററില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ തൊഴില്‍വകുപ്പിന്റെ റിപ്പോര്‍ട്ട് പച്ചക്കളളമാണെന്നും അപമാനിക്കാന്‍ വേണ്ടി തയ്യാറാക്കിയതാണെന്നും കിറ്റെക്സ് എം.ഡി സാബു എം. ജേക്കബ് പറയുന്നു. ഒരു രേഖയും അധികൃതര്‍ പരിശോധിച്ചിട്ടില്ല. കമ്പനിയില്‍ വന്ന് ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചുമടങ്ങുകയാണ് ചെയ്തത്. കമ്പനി തുടങ്ങുന്ന സമയത്ത് കെട്ടിടത്തിന് എല്ലാ ലൈസന്‍സും എടുത്തിരുന്നു. അന്നൊന്നും കാണാത്ത ക്രമക്കേട് ഇന്നെങ്ങനെയാണ് ഉണ്ടാകുന്നത്. രാജ്യത്തെന്നല്ല, ലോകത്ത് ഒരു കമ്പനിയും നല്‍കാത്ത ആനുകൂല്യങ്ങള്‍- സൗജന്യ താമസവും ഭക്ഷണവുമടക്കം താന്‍ ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ തൊഴില്‍ വകുപ്പിനെ വെല്ലുവിളിക്കുകയാണെന്നും സാബു ഒരു മാധ്യമത്തോട് പ്രതികരിച്ചു.