യുവാവ് വെടിയേറ്റ് മരിച്ചു; വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ സുഹൃത്തും മരിച്ചു
പാലക്കാട്: അലനല്ലൂര്‍ തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ വാഴത്തോട്ടത്തിലെ ഷെഡില്‍ യുവാവ് വെടിയേറ്റ് മരിച്ചു. പ്രതിയെന്ന് കരുതുന്ന സുഹൃത്തിനെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തി ആശുപത്രിയിലാക്കിയെങ്കിലും രക്ഷിക്കാനായില്ല. തിരുവിഴാംകുന്ന് ഇരട്ടവാരി പറമ്പന്‍ മുഹമ്മദാലിയുടെ മകന് സജീര്‍ എന്ന ഫക്രുദ്ദീന്‍ (26) ആണ് വെടിയേറ്റു മരിച്ചത്. സുഹൃത്ത് പുത്തന്‍വീട്ടില്‍ മഹേഷാണ് (34) വിഷം കഴിച്ച് മരിച്ചത്.
തിരുവിഴാംകുന്ന് അമ്പലപ്പാറ മണലുംപുറത്തിന് അക്കരെയുള്ള വാഴത്തോട്ടത്തിലെ കാവല്‍ പുരയിലാണ് ഞായറാഴ്ച രാത്രി പത്ത് മണിയോടെ സജീര്‍ വെടിയേറ്റ് മരിച്ചത്. സജീറിന്റെ മൃതദേഹം കിടന്നിരുന്ന കാവല്‍ പുരയില്‍ നിന്ന് മൂന്നൂറ് മീറ്റര്‍ മാറി പുഴയ്ക്ക് അക്കരെ തെങ്ങിന് തോപ്പിലാണ് മഹേഷിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ മഹേഷിനെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലാക്കി. ഗുരുതരാവസ്ഥയിലായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ വൈകീട്ട് ആറരയോടെ മരിച്ചു. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും.
വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന നാടന്‍ തോക്കും കത്തിയും മഹേഷ് അവശനിലയില്‍ കിടന്നിരുന്ന തെങ്ങിന് തോപ്പില്‍ നിന്നും പോലീസ് കണ്ടെടുത്തു. മഹേഷിന്റെ വാഴത്തോട്ടത്തിലെ ഷെഡില്‍ വെച്ചുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സജീറിനെ താന്‍ വെടി വെച്ചെന്നും തന്നെ ഇനി അന്വേഷിക്കേണ്ടെന്നും മഹേഷ് ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ചു പറഞ്ഞു. ഇവര്‍ സ്ഥലത്തെത്തിയപ്പോഴാണ് സജീര്‍ മരിച്ചു കിടക്കുന്നത് കണ്ടത്. സജീറിന്റെ ഇടതു ഭാഗത്ത് നെഞ്ചിനു താഴെയാണ് വെടിയേറ്റിരുന്നത്.
സംഭവമറിഞ്ഞ് പോലീസ് എത്തി മഹേഷിനു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ നാട്ടുകാരാണ് മഹേഷിനെ തെങ്ങിന് തോപ്പില്‍ അവശനിലയില്‍ കണ്ടത്. സംഭവമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ്, പാലക്കാട് ഡിവൈ.എസ്.പി: പി. ശശികുമാര്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി: ഇ. സുനില്‍കുമാര്‍, മണ്ണാര്‍ക്കാട് എസ്.എച്ച്.ഒ: പി. അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് എത്തി. ഫോറന്‍സിക് വിദഗ്ദരും ബാലസ്റ്റിക് വിദഗ്ദരും പരിശോധന നടത്തി.
ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. വാഹന സംബന്ധമായതും പിടിച്ചുപറി കേസിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ചാവടിയില്‍ നടന്ന ഒരു പിടിച്ചുപറി കേസുമായി ബന്ധപ്പെട്ട് സജീറിനെ തമിഴ്നാട് പോലീസും അന്വേഷിച്ചിരുന്നതായി സൂചനയുണ്ട്.