എസ് സി- എസ് ടി ഫണ്ട് തട്ടിപ്പ്; കെ രാധാകൃഷ്ണന് വധഭീഷണി, തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്ന് മന്ത്രി
തിരുവനന്തപുരം: എസ് സി-എസ് ടി ഫണ്ട് തട്ടിപ്പ് അന്വേഷണം പുരോഗമിക്കുന്നതിനിടെ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് വധഭീഷണി. മന്ത്രിയുടെ ഓഫീസിലെ ലാൻഡ് ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ പരാതി നൽകുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാർ പാവങ്ങൾക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്നും കെ രാധാകൃഷ്ണൻ ഇന്ന് രാവിലെ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഓഫീസിലേക്ക് ഭീഷണി സന്ദേശമെത്തിയത്. എസ് സി-എസ് ടി വകുപ്പിലെ ഫണ്ടുകൾ തട്ടിയെടുത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, എസ് സി-എസ് ടി ഫണ്ട് തട്ടിപ്പിലെ മുഖ്യപ്രതി രാഹുലുമായി അന്വേഷണസംഘം ഇന്ന് ഡൽഹിയിലേക്ക് പോകും. രാഹുലിന്റെ ലാപ്ടോപ്പ്, ഐ ഫോൺ എന്നിവ കണ്ടെത്താനും തെളിവെടുപ്പ് നടത്താനുമാണ് നീക്കം. ലാപ്ടോപ്പിൽ സാമ്പത്തിക ഇടപാടുകളുടെ നിർണായക വിവരങ്ങളുണ്ടെന്നാണ് നിഗമനം.