സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ;കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി 8 വരെ തുറക്കാം; ബാങ്കുകള്‍ എല്ലാ ദിവസവും
തിരുവനന്തപുരം:സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കടകളുടെ പ്രവര്‍ത്തന സമയം നീട്ടി. ബാങ്കുകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ ഇടപാടുകള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. ബി,സി കാറ്റഗറിയില്‍പെടുന്ന കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ എട്ടു മണിവരെ പ്രവര്‍ത്തിക്കാം. ടി.പി.ആര് നിരക്ക് പത്തിനും 15നും ഇടയിലുള്ള പ്രദേശങ്ങളാണ് സി കാറ്റഗറി. എ കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. ഡി കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ കടകള്‍ക്ക് വെള്ളിയാഴ്ചകളില്‍ മാത്രം വൈകിട്ട് ഏഴു വരെ പ്രവര്‍ത്തിക്കാം. ടിപിആര്‍ നിരക്ക് ആറു ശതമാനത്തില്‍ താഴെയുള്ള എ കാറ്റഗറിയില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ എല്ലാ കടകള്‍ക്കും തുറക്കാം. വിവിധ മേഖലകളില്‍ നിന്ന് കൂടുതല്‍ ഇളവുകള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലേക്ക് പോയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്.