രണ്ടാം പിണറായി സര്‍ക്കാരിന്റെ ആയുസ്സ് മൂന്നു വര്‍ഷം മാത്രം ? ഇന്ത്യ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിലേക്ക്; ലോക്സഭ, നിയമസഭ, തദ്ദേശം 2024-ല്‍ ഒറ്റ തെരഞ്ഞെടുപ്പ്?
കൊച്ചി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളും നടത്താന്‍ സാധ്യതയുണ്ടെന്നു സംസ്ഥാന ഘടകങ്ങള്‍ക്കു സൂചന നല്കി ബി.ജെ.പി. നേതൃത്വം. സര്‍വകക്ഷിയോഗം വിളിച്ചശേഷം വൈകാതെ തന്നെ ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്രമന്ത്രിസഭാ അഴിച്ചുപണി കഴിഞ്ഞതോടെ ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്താനാണു നീക്കം. കേന്ദ്രസര്‍ക്കാരിന്റെ പ്രതിഛായയില്‍ സംസ്ഥാനങ്ങളിലും മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണു ബി.ജെ.പിയുടെ പ്രതീക്ഷ. നിയമമായാല്‍, കേരളത്തില്‍ ഇപ്പോഴത്തെ നിയമസഭയുടെ കാലാവധി മൂന്നു വര്‍ഷമെത്തുമ്പോഴേക്കും വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പു നടക്കും.
“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” ബി.ജെ.പിയുടെ രാഷ്ട്രീയ അജന്‍ഡകളിലൊന്നാണ്. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ത്തന്നെ ഈ വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ 2015-ല്‍ പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ 2019-ലും സര്‍വകക്ഷിയോഗം നടന്നു. എല്ലാ സമയത്തും രാജ്യത്ത് എവിടെയെങ്കിലും ഏതെങ്കിലും തെരഞ്ഞെടുപ്പു നടക്കുക എന്നതില്‍നിന്നു മാറി ഒരുമിച്ചു തെരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് എത്തണമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താനുള്ള സാധ്യത പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനും ധാരണയായിരുന്നു.
നിലവിലുള്ള ത്രിതല തദ്ദേശസ്ഥാപനങ്ങളുടെ ഘടനയില്‍ മാറ്റമുണ്ടാകും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് എന്നിവ നിലനിര്‍ത്തി ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ ഒഴിക്കാനാണു സാധ്യത. അങ്ങനെ ഒരു വോട്ടര്‍ മൂന്നു വോട്ട് ചെയ്യേണ്ടതായി വരും- ലോക്സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിങ്ങനെ.
2023-വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കും. അതിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കേണ്ട സംസ്ഥാനങ്ങളില്‍ നിലവിലുള്ള സര്‍ക്കാരിന്റെ കാലാവധി നീട്ടിനല്കുകയോ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയോ ചെയ്യും. ഇക്കാര്യങ്ങളും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യേണ്ടതുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു സാധ്യതയുണ്ടെന്ന കണക്കുകൂട്ടലില്‍ ഇടത്, വലത് മുന്നണികളും തങ്ങളുടെ നേതാക്കളോടു പൊതുസേവന രംഗത്തു കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിര്‍ദേശം നല്കിട്ടുണ്ട്.
ചെലവു കുറയും
നിലവില്‍ രാജ്യത്ത് എല്ലാ മാസവും എവിടെയെങ്കിലും ഏതെങ്കിലും തെരഞ്ഞെടുപ്പു നടക്കുന്ന രീതിയാണുള്ളത്. അതില്‍ മാറ്റം അനിവാര്യമാണ്. ലോക്സഭാ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടര്‍ പട്ടിക മതിയെന്ന മെച്ചവുമുണ്ട്. അടിക്കടിയുള്ള തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വികസന പദ്ധതികളെ ബാധിക്കും. ഉപകരണങ്ങളും ഉദ്യോഗസ്ഥരും വിന്യസിക്കുന്നതിലെ ഭാരിച്ച ചെലവും കുറയും.
പ്രതിപക്ഷത്തു ഭിന്നാഭിപ്രായം
പ്രതിപക്ഷ പാര്‍ട്ടികളില്‍ ഭൂരിപക്ഷവും ഒരുമിച്ചുള്ള തെരഞ്ഞെടുപ്പിനോടു യോജിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരുകള്‍ താഴെവീണാല്‍ നീണ്ടകാലത്തെ രാഷ്ട്രപതി ഭരണത്തിനു വഴിയൊരുക്കും എന്നത് ഉള്‍പ്പെടെയുള്ള എതിര്‍വാദങ്ങളാണ് പ്രതിപക്ഷത്തിനുള്ളത്. 2019-ലെ സര്‍വകക്ഷിയോഗത്തില്‍ സി.പി.എം, സി.പി.ഐ. പാര്‍ട്ടികള്‍ നീക്കത്തെ എതിര്‍ത്തിരുന്നില്ല. എന്നാല്‍, നടപ്പിലാക്കുന്നതിലെ പ്രായോഗികതയില്‍ സംശയം പ്രകടിപ്പിച്ചു. പറയുന്ന കാര്യങ്ങളില്‍ സര്‍ക്കാരിന് ഉദ്ദേശ്യശുദ്ധിയില്ലെന്നാണു കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിമര്‍ശനം.
1999ലെ നിയമ കമ്മിഷന് ശിപാര്‍ശ
1999-ല്‍ കേന്ദ്ര നിയമ കമ്മിഷന് മുന്നോട്ടുവെച്ച ഈ നിര്‍ദശം പിന്നീടു വന്ന സര്‍ക്കാരുകള്‍ക്കു പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനായില്ല. ജനപ്രാതിനിധ്യ നിയമത്തിലടക്കം നിരവധി ഭരണഘടനാ ഭേദഗതികള്‍ ആവശ്യമായി വരുന്ന ഈ നീക്കം പാര്‍ലമെന്റിന്റെ ഇരുസഭയിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കുകയും പകുതി നിയമസഭകള്‍ അംഗീകരിക്കുകയും ചെയ്യണം.